Skip to main content

കർഷക അദാലത്ത്: 140 പരാതികൾ പരിശോധിച്ച് മന്ത്രി പി. പ്രസാദ് -121 കർഷകരെ നേരിൽ കേട്ടു

 ഹരിപ്പാട് നടക്കുന്ന കർഷക അദാലത്തിൽ 140 പരാതികൾ പരിശോധിച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ഓൺലൈൻ ആയി ലഭിച്ച 117  പരാതികളും വേദിയിൽ നേരിട്ട് ലഭിച്ച 23  പരാതികളും മന്ത്രി പരിശോധിച്ചു. അദാലത്ത് വേദിയിലെത്തിയ 121 കർഷകരെ മന്ത്രി കേട്ടു. തീർപ്പ് കൽപ്പിക്കാൻ  കഴിയുന്ന എല്ലാ പരാതികൾക്കും വേദിയിൽ തന്നെ പരിഹാരം കാണുകയും ശേഷിക്കുന്ന പരാതികൾ ഉടനെ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ വേദിയിൽ വച്ച് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  നൽകുകയും ചെയ്തു. ഹരിപ്പാട് എസ്.എൻ ഡി.പി. ഹാളിൽ നടന്ന കർഷക അദാലത്തിൽ കുട്ടനാട്  എം.എൽ.എ തോമസ് കെ. തോമസും  പങ്കെടുത്തു. 

ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട പരാതികൾ, കരനെൽ കൃഷിക്ക് ധനസഹായം, വിവിധ ധനസഹായ പദ്ധതികളുടെ ആനുകൂല്യം, മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ചത്, കാർഷിക വായ്പ കുടിശ്ശിക നിവാരണം, ജലസേചനത്തിന് പമ്പ് അനുവദിക്കുന്നത്, പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറുന്നത്, പുറം ബണ്ട് ബലപ്പെടുത്തുന്നത്, ഒരു ലക്ഷം യുവജനങ്ങൾക്കുള്ള തൊഴിൽദാന പദ്ധതിയിലെ ധനസഹായം എന്നിവ സംബന്ധിച്ചും സംസ്ഥാന വിള ഇൻഷുറൻസുമായി ബന്ധപ്പെട്ട പരാതികളുമാണ് കർഷർ പ്രധാനമായും സമർപ്പിച്ചത്.

സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിലെ നഷ്ടപരിഹാര തുകയിൽ ഹരിപ്പാട് ബ്ലോക്കിലെ കർഷകർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം കൃഷിയിട സന്ദർശന വേളയിൽ ചിങ്ങോലി പഞ്ചായത്തിലെ കൃഷിയിടത്തിൽ വച്ച്  പുറത്തിറക്കിയിരുന്നു. അദാലത്തിൽ ഒട്ടേറെ കർഷകർ സമർപ്പിച്ച അപേക്ഷകൾക്ക് ഈ ഉത്തരവ് പ്രധാനമായി മാറി.

കാർഷികോത്പാദന കമ്മീഷണർ ബി. അശോക്, കൃഷി ഡയറക്ടർ ടി.വി. അഞ്ജു, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ, കൃഷി അഡീഷണൽ ഡയറക്ടർമാർ, കാർഷിക സർവകലാശാലയിലെ  വിദഗ്ധർ,  ഉദ്യോഗസ്ഥർ, കൃഷി- അനുബന്ധ-മറ്റു വകുപ്പിലെ ഉദ്യോഗസ്ഥർ,  കർഷകർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.

date