Skip to main content

* പറവൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിര്‍മാണം വേഗത്തിലാക്കണം- ജില്ലാ വികസന സമിതി യോഗം* -കുട്ടനാടിന്റെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണും 

 പറവൂരില്‍ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിര്‍മാണം
വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഹരിത വി. കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ.യാണ് ഈ ആവശ്യം ഉന്നയിച്ചത്. കുട്ടനാട് കുടിവെള്ള പദ്ധതിയുടെ നിര്‍വഹണത്തില്‍ എത്രയും വേഗത്തില്‍ കാര്യമായ പുരോഗതിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. തോമസ് കെ. തോമസ് എം.എല്‍.എ.യുടെ ആവശ്യപ്രകാരമാണ് പദ്ധതി അവലോകനം ചെയ്തത്. 

കരുമാടി, ആലപ്പുഴ കുടിവെള്ള പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും യോഗം നിര്‍ദേശിച്ചു. തോട്ടപ്പള്ളിയിലെ പുലിമുട്ട് സ്ഥാപിക്കല്‍ പ്രവൃത്തിയുടെ പുരോഗതി, തീരദേശ ഹൈവേയുടെ നിര്‍മ്മാണ പുരോഗതി എന്നിവ യോഗം വിലയിരുത്തി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഹരിപ്പാട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ.യുടെ പ്രതിനിധി ജോണ്‍ തോമസ് ചൂണ്ടിക്കാട്ടി. കുട്ടനാട്ടില്‍ ഓരുവെള്ളം കേറുന്നത് തടയുന്നതിന് പുളിക്കീഴാറില്‍ ഷട്ടര്‍ കം റെഗുലേറ്റര്‍ സ്ഥാപിക്കല്‍ പ്രവൃത്തിക്ക് 10 കോടി രൂപ ബഡ്ജറ്റ് വിഹിതം അനുവദിച്ചിരുന്നുവെങ്കിലും നാളിതുവരെ പദ്ധതി സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ കേരളം പരിപാടിയില്‍ എല്ലാ വകുപ്പുകളും സജീവമായി പങ്കെടുത്തത്തില്‍ ജില്ലാ കളക്ടര്‍
അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതി നിര്‍വ്വഹണത്തില്‍ നേട്ടം കൈവരിച്ച വകുപ്പുകളെ യോഗം അഭിനന്ദിച്ചു. ജില്ലയിലെ എം.പി. ലാഡ് പദ്ധതി നിര്‍വ്വഹണം,
പ്ലാന്‍ സ്‌പേസ് എന്നിവയുടെ 2022-23 വാര്‍ഷിക റിപ്പോര്‍ട്ട് യോഗത്തില്‍ എം.എല്‍.എ.മാരും ജില്ലാ കളക്ടറും ചേര്‍ന്ന് പ്രകാശിപ്പിച്ചു. ജില്ലയിലെ മറ്റ് എം.എല്‍.എ.മാര്‍ മുന്‍ യോഗങ്ങളില്‍ ഉന്നയിച്ചിരുന്ന വിഷയങ്ങളിന്മേല്‍ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തുകയും ആവശ്യമായ തുടര്‍ നടപടി നിര്‍ദ്ദേശിക്കുകയും ചെയ്തു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സത്യപ്രകാശ് മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date