Skip to main content
പുതിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഹരിപ്പാട് കൃഷിദർശന് സമാപനം -രണ്ട് സർക്കാർ ഉത്തരവുകൾ പുറത്തിറക്കി ആലപ്പുഴ: കൃഷിമന്ത്രി പി.പ്രസാദും ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥ സംഘവും കഴിഞ്ഞ ദിവസങ്ങളിലായി ഹരിപ്പാട് കാർഷിക ബ്ലോക്കിൽ നടത്തിയ കൃഷിയിട സന്ദർശനത്തിന്റെയും കർഷക അദാലത്തിന്റെയും കൃഷിക്കൂട്ട സംഗമത്തിന്റെയും അടിസ്ഥാനത്തിൽ പുറത്തിറങ്ങിയത്   രണ്ട് പ്രധാന കർഷക സൗഹൃദ സർക്കാർ ഉത്തരവുകൾ.  ഇരുപതിനുമുകളിൽ വികസന പ്രവർത്തനങ്ങൾക്കുള്ള തീരുമാനങ്ങളും എടുത്തുകൊണ്ടാണ് ഹരിപ്പാട് കൃഷിദർശന് തിരശ്ശീല വീഴുന്ന

പുതിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഹരിപ്പാട് കൃഷിദർശന് സമാപനം -രണ്ട് സർക്കാർ ഉത്തരവുകൾ പുറത്തിറക്കി

കൃഷിമന്ത്രി പി.പ്രസാദും ഹരിപ്പാട് എം എൽ എ രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥ സംഘവും കഴിഞ്ഞ ദിവസങ്ങളിലായി ഹരിപ്പാട് കാർഷിക ബ്ലോക്കിൽ നടത്തിയ കൃഷിയിട സന്ദർശനത്തിന്റെയും കർഷക അദാലത്തിന്റെയും കൃഷിക്കൂട്ട സംഗമത്തിന്റെയും അടിസ്ഥാനത്തിൽ പുറത്തിറങ്ങിയത്   രണ്ട് പ്രധാന കർഷക സൗഹൃദ സർക്കാർ ഉത്തരവുകൾ.  ഇരുപതിനുമുകളിൽ വികസന പ്രവർത്തനങ്ങൾക്കുള്ള തീരുമാനങ്ങളും എടുത്തുകൊണ്ടാണ് ഹരിപ്പാട് കൃഷിദർശന് തിരശ്ശീല വീഴുന്നത്.

ആയിരത്തിലധികം  കർഷകരെ നേരിട്ട് കണ്ടതിൻറെ  ഫലമായി കാർഷിക മേഖലയിലെ അടിസ്ഥാനപ്രശ്നങ്ങൾ കണ്ടെത്തുവാനും  പരിഹാര മാർഗങ്ങൾ ഉടനെ തന്നെ തീരുമാനിക്കാനും കഴിഞ്ഞതു തന്നെയാണ് കൃഷിദർശന്റെ വിജയമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഹരിപ്പാട് കൃഷിദർശന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ്‌ ചെന്നിത്തല എം എൽ എ യുടെ അദ്ധ്യക്ഷതയിലായിരുന്നു  സമാപന സമ്മേളനം. 

രണ്ട്  പ്രധാന ഉത്തരവുകളാണ് ഹരിപ്പാട് കൃഷിദർശന്റെ ഭാഗമായി കൃഷിയിടത്തിൽ നിന്നുകൊണ്ട് പുറപ്പെടുവിക്കുവാൻ കഴിഞ്ഞത് എന്ന് മന്ത്രി സൂചിപ്പിച്ചു. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഹരിപ്പാട് ബ്ലോക്കിലെ കർഷകർക്ക് നൽകുവാനുള്ള മുഴുവൻ തുകയും നൽകുന്നതിനുള്ള 3.05 കോടി രൂപയുടെ ഉത്തരവ്, നാലയഞ്ചിറ പാടശേഖരത്തിൽ വെർട്ടിക്കൽ പമ്പിനു അധിക  തുകയ്ക്കുള്ള അനുമതി ഉൾപ്പടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ കുട്ടനാട് പ്രദേശത്ത് 4.88 കോടി രൂപയുടെ 30 സബ് മേഴ്സിബിൽ VAF പമ്പുകളും, പത്തനംതിട്ട ജില്ലയിലെ അപ്പർ കുട്ടനാട് പ്രദേശത്തും ആലപ്പുഴ ജില്ലയിലെ R ബ്ലോക്ക് കായൽ പാടശേഖരത്തിലുമായി 2.71 കോടി രൂപയുടെ 18 സബ് മേഴ്സിബിൽ VAF പമ്പുകളും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് എന്നിവയാണ് അവ.
കൂടാതെ,
 കൃഷിദർശന്റെ മോണിറ്ററിംഗ് സെൽ ഉണ്ടാക്കുകയും, പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കാർഷിക അടിസ്ഥാന സൗകര്യനിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിനായി പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾക്ക് വേണ്ടി പ്രത്യേക ഡി പി ആർ ക്ലിനിക്ക് സംഘടിപ്പിക്കും. തെങ്ങ് സംരക്ഷണത്തിന് വേണ്ടി കൃഷിവകുപ്പ്, സി പി സി ആർ ഐ, കേരള കാർഷിക
സർവകലാശാല എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് പ്രത്യേക സമിതി രൂപീകരിക്കും. പച്ച തേങ്ങ സംഭരണത്തിന് ഒരു കേന്ദ്രം കൂടി ബ്ലോക്കിൽ അനുവദിക്കും. ബ്ലോക്കിൽ ഒരു കേരഗ്രാമം പദ്ധതി കൂടെ അനുവദിക്കും. പുറംബണ്ട് ശക്തിപ്പെടുത്തുന്നതിന് വേണ്ടി കുട്ടനാട് വികസന ഏകോപന സമിതിയിൽ പ്രത്യേക പദ്ധതിരൂപീകരിക്കും. വരിനെല്ല് നിയന്ത്രിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള കാർഷിക സർവകലാശാലയിലെ ശാസ്ത്രസംഘത്തെ ഉടൻ നിയമിക്കും.  ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക കാർഷിക പദ്ധതി നടപ്പിലാക്കും. ഹരിപ്പാട് ബ്ലോക്കിന് വേണ്ടി കുട്ടനാട് വികസന ഏകോപന സമിതിയിൽ പ്രത്യേക കാർഷിക കലണ്ടർ തയ്യാറാക്കും. കുമാരപുരം കൃഷിഭവനിൽ  കാർഷിക കർമ്മ സേന അനുവദിക്കും. ഗ്രാമപഞ്ചായത്ത് അസോസിയേഷനോടുകൂടി ചേർന്ന് കേരളത്തിലെ 100 പഞ്ചായത്തുകളിൽ കാർഷിക ഗ്രാമസഭകൾ നടപ്പിലാക്കും. 

എള്ള് വികസനത്തിനായി 900 കർഷകരെ ഉൾപ്പെടുത്തികൊണ്ട് 90 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചും 2 എഫ് പി ഓ കൾ രൂപീകരിച്ചും മൂല്യ വർദ്ധനവ് നടത്തി വിപണി കണ്ടെത്തുന്നതിന് ഓണാട്ടുകര വികസന സമിതിക്ക് രണ്ട് കോടി രൂപയും, എള്ള് വികസനത്തിനായി വിസ്തൃതി വർദ്ധനവിൽ ഹെക്ടറിന് 15,000 രൂപ ക്രമത്തിൽ കർഷകർക്ക് നൽകുവാൻ ഒരുകോടി രൂപയും  
ഉൾപ്പെടെ എള്ള് കൃഷി വികസനത്തിനായി 2023-24 സാമ്പത്തിക വർഷത്തിൽ 3 കോടി രൂപ, ചെറുതന പഞ്ചായത്തിൽ കമ്പ്യൂട്ടർ സംവിധാനം ഉൾപ്പെടെ കൃഷിശ്രീ സെന്റർ, കേരളാഗ്രോ ബ്രാൻഡിൽ ഈ മേഖലയിൽ നിന്നും 5 കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ   തീരുമാനങ്ങളാണ് കൃഷിദർശന്റെ  ഭാഗമായി കൈക്കൊണ്ടത്. 

 കൃഷിദർശൻ  പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഡി പി ആർ ക്ലിനിക്കിൽ തയ്യാറാക്കിയ 1.08 കോടി രൂപയുടെ 5 ഡി പി ആറുകൾ കാർഷിക സംരംഭകർക്ക് വേദിയിൽ നൽകി. നാലു പ്രോജക്ടുകൾക്ക് ബാങ്ക് ഓഫ് ബറോഡയും ഒരു പ്രോജക്റ്റിന് കാനറാ ബാങ്കുമാണ് വായ്പ സഹായം നൽകുന്നത്.

 ചടങ്ങിൽ മികച്ച കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും കൃഷിമന്ത്രി പുരസ്‌കാരങ്ങൾ നൽകി. വേദിയിൽ മുതിർന്ന കർഷകൻ ഭാസ്കരൻ സന്നിഹിതനായിരുന്നു.
                       സമാപന സമ്മേളനത്തിൽ  ജില്ല കളക്ടർ ഹരിത വി.കുമാർ,   ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് ചെയർപേഴ്സൺ എ ശോഭ, കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, കൃഷി  കെ എൽ ഡി സി ചെയർമാൻ ടിവി സത്യനേശൻ, കൃഷി ഡയറക്ടർ അഞ്ജു കെ എസ് ,അഡീഷണൽ സെക്രട്ടറിമാർ, കൃഷി അഡിഷണൽ ഡയറക്ടർമാർ, വിവിധ സ്വയംഭരണ സ്ഥാപന മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന്  ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മറ്റി ചെയർമാൻ അഡ്വ. റ്റി എസ് താഹ നന്ദി രേഖപ്പെടുത്തി.

date