Skip to main content

ഫിഷറീസ് വകുപ്പിന്റെ തീരസദസ്സുകൾ ഇന്ന് ആരംഭിക്കും

 തീരമേഖലയിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തീരസദസുകളുടെ ജില്ലാതല പരിപാടികൾക്ക് ഇന്ന് (മെയ് 1) തുടക്കമാകും. ഹരിപ്പാട് മണ്ഡലത്തിലെ സദസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിക്കും. ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിക്കും. എല്ലാ സദസുകളും മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണവും നടത്തും. അതത് എം.എൽ.എമാർ അധ്യക്ഷത വഹിക്കും 

ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ എന്നീ നിയോജക മണ്ഡലങ്ങളിലാണ് സദസ്സുകൾ. ഒരു മണ്ഡലത്തിൽ നാല് മണിക്കൂറാണ് സമയം. ആദ്യത്തെ ഒന്നര മണിക്കൂർ ജനപ്രതിനിധികളുമായി ചർച്ചയാണ്. തുടർന്നാണ് പരാതി
പരിഹാരിക്കൽ. എല്ലാ സ്ഥലങ്ങളിലും എ.എം. ആരിഫ് എംപി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, കളക്ടർ ഹരിത വി. കുമാർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ജില്ലയിൽ ഇതുവരെ 4,195 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ആലപ്പുഴയിൽ 648, ഹരിപ്പാട് 960, അമ്പലപ്പുഴയിൽ 1426, ചേർത്തലയിൽ 807, അരൂരിൽ 354 പരാതികളാണ് ലഭിച്ചിട്ടുള്ളത്. തീരസദസ് നടക്കുന്ന വേദിയിലും
പരാതികൾ സമർപ്പിക്കാം. ഭൂരിഭാഗവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സിവിൽ സപ്ലൈസ്, ജലഅതോറിറ്റി, റവന്യൂ, കടാശ്വാസ കമ്മീഷൻ, ഭവന നിർമ്മാണം, തുറുമുഖ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടതാണ്. തീരസദസ്സിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതികളിന്മേലുള്ള തുടർനടപടികൾ അറിയിക്കും. തീരമേഖലയിൽ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കുകയും കലാസാംസ്‌ക്കാരിക പരിപാടികളും ഇതോടൊപ്പം നടക്കും.

തീരസദസ്സ് നടത്തുന്ന മണ്ഡലങ്ങളും തീയതിയും ചുവടെ. മെയ് 1ന് ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ (ഹരിപ്പാട് മണ്ഡലം) ആറാട്ടുപുഴ ശ്രീ വേലായുധ പണിക്കർ സ്മാരക ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുമായുള്ള ചർച്ച നടക്കും. 4.30 മുതൽ ആറാട്ടുപുഴ ജെ.എം.എസ്. ഹാളിലാണ് അദാലത്ത്. 2ന് രാവിലെ 9 മുതൽ 10.30 വരെ (അമ്പലപ്പുഴ മണ്ഡലം) അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചർച്ചയും 10.30 മുതൽ വണ്ടാനം മെഡിക്കൽ കോളേജ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ അദാലത്തും നടക്കും. 3 ന് രാവിലെ 9 മുതൽ 10.30 വരെ (അരൂർ മണ്ഡലം) തുറവൂർ ടി.ഡി. ജം. എസ്.എസ്. കലാമന്ദിർ ഓഡിറ്റോറിയത്തിൽ ചർച്ചയും 10.30 മുതൽ പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ അദാലത്തും നടക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെ (ആലപ്പുഴ മണ്ഡലം) പൊള്ളേത്തൈ ഹോളി ഫാമിലി പള്ളി പാരിഷ് ഹാളിൽ ചർച്ചയും 4.30 മുതൽ പൊള്ളേത്തൈ ഗവൺമെന്റ് ഹൈസ്‌കൂളിൽ അദാലത്തും നടക്കും. 13ന് ഉച്ചകഴിഞ്ഞ് 3 മുതൽ ചേർത്തല മണ്ഡലത്തിലെ അദാലത്ത് നടക്കും. 

date