Skip to main content
സുനാമി ബാധിത പ്രദേശങ്ങളിലെ തീരസംരക്ഷണത്തിന് * *പ്രത്യേകപരിഗണന: മന്ത്രി സജി ചെറിയാൻ  -960 പരാതികളാണ് തീരസദസ്സിൽ ലഭിച്ചത്

സുനാമി ബാധിത പ്രദേശങ്ങളിലെ തീരസംരക്ഷണത്തിന് * *പ്രത്യേകപരിഗണന: മന്ത്രി സജി ചെറിയാൻ  -960 പരാതികളാണ് തീരസദസ്സിൽ ലഭിച്ചത്

സുനാമി ബാധിത പ്രദേശങ്ങളായ ആലപ്പാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നിവിടങ്ങളിലെ തീര സംരക്ഷണ പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകി പരിഹാരം തേടുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. .ആലപ്പുഴ ജില്ലയിലെ തീരസദസ്സുകളുടെ ഉദ്‌ഘാടനം ഹരിപ്പാട് നിയോജക മണ്ഡലത്തലെ ആറാട്ടുപുഴയിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫിഷറീസ് വകുപ്പ് വഴി മാത്രം ഏഴു വർഷം കൊണ്ട് 11,000 കോടി രൂപ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളി മേഖലയിൽ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. 
കേരളത്തിലെ ഇതര സമൂഹത്തിനൊപ്പം മത്സ്യത്തൊഴിലാളികളെയും ഉയർത്തിക്കൊണ്ടുവരിക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. ഏഴു വർഷം കൊണ്ട് 12, 558 പേർക്ക് തീരദേശത്ത് വീടുകൾ നിർമിച്ചു നൽകാൻ കഴിഞ്ഞിട്ടുണ്ട്. സുനാമി കോളനികളുടെ നവീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാനും മന്ത്രി യോഗത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഏത് തലം വരെയും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീരദേശമേഖലയിൽ കെ.ഡിസ്‌കുമായി യോജിച്ച്  ജോബ് ഫെയർ നടത്തുമെന്നും മന്ത്രി പറഞ്ഞു. 

15 വർഷം ഗ്യാരണ്ടിയുള്ള എഫ്.ആർ. പി വള്ളംലേക്കങ്ങളിലേക്ക്  മാറുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണ്.ആഴക്കടൽ മത്സ്യബന്ധനത്തിലേക്ക് കൂടി മത്സ്യത്തൊഴിലാളികൾ 
മാറേണ്ടതുണ്ട്. ഇതിനായി 156 ലക്ഷം  രൂപ ഒരു ബോട്ടിനു ചെലവഴിച്ചു കൊണ്ട് അഞ്ച് ബോട്ടുകൾ പുറത്തിറക്കുന്നു. ഇത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്.

പരമ്പരാഗത മണ്ണെണ്ണ എഞ്ചിനിൽ നിന്നും മാറി എൽപിജി പോലെയുള്ള ഇതര എഞ്ചിനുകളിലേക്ക് മാറുന്നതിന് 10 കോടി രൂപ  ഈ വർഷം വകയിരുത്തിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. എല്ലാം മത്സ്യത്തൊഴിലാളികളും ഇൻഷുറൻസ് സൗകര്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മൽസ്യബന്ധനത്തിനിടെ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ഉടനെതന്നെ അഞ്ച് ലക്ഷം രൂപ നൽകുന്നതിനുള്ള തീരുമാനം സർക്കാർ എടുത്തിട്ടുണ്ട്. ഫിഷറീസ് കോളേജിൽ പഠിക്കുന്ന  മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് 20 ശതമാനം സംവരണം ഏർപ്പെടുത്തയിട്ടുണ്ട്.

വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്ററിനായി സർക്കാർ പണം അനുവദിച്ചിട്ടുണ്ട് . തോട്ടപ്പള്ളി ഹാർബറിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 148 കോടി രൂപയുടെ വിശദമായ ഡിപിആർ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ ചികിത്സയുമായി ബന്ധപ്പെട്ട് 58 അപേക്ഷകൾ ലഭിച്ചതിൽ എല്ലാവർക്കും അയ്യായിരം രൂപ വീതം അനുവദിച്ചതായും മന്ത്രി യോഗത്തിൽ പറഞ്ഞു.
ചടങ്ങിൽ രമേശ്‌ ചെന്നിത്തല എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി രാജേശ്വരി, ജില്ലാ കളക്ടർ  ഹരിത. വി. കുമാർ, ആറാട്ടുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. സജീവൻ, 
മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ, മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ആംബുജാക്ഷി ടീച്ചർ, ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രുഗ്മിണി രാജു,ജില്ലാ പഞ്ചായത്തംഗങ്ങളായ ടി. എസ്. താഹ, ജോൺ തോമസ്, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. വിനോദ് കുമാർ, കുമാരപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. സുസി, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അശ്വതി തുളസി, വാർഡ് മെമ്പർ മൈമൂനത്ത് ഫഹദ്, പ്രസീദ സുധീർ, അഡീഷണൽ ഡയറക്ടർ ഫിഷറീസ് എൻ.എസ്.ശ്രീലു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ.രമേഷ് ശശിധരൻ, ട്രേഡ് യൂണിയൻ പ്രതിനിതികൾ, മറ്റ് രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
(ചിത്രമുണ്ട്)

date