Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-04-2023

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, കേരള കർണാടക തീരം, ലക്ഷദ്വീപ്, മാലദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55  കിലോമീറ്റർ വരെയും  വേഗതയിൽ  ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഏപ്രിൽ 30ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് അതിനോട് ചേർന്ന ശ്രീലങ്കൻ തീരം എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ തീയ്യതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 30ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഏപ്രിൽ 29: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
ഏപ്രിൽ 30: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്
മെയ് ഒന്ന്: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ
മെയ് രണ്ട്: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ
മെയ് മൂന്ന്: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അപ്രന്റിസ് സർട്ടിഫിക്കറ്റ് കൈപ്പറ്റണം

2018 മെയ് മാസം വരെ അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ചതിന്റെ നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ്, പ്രൊവിഷണൽ നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് എന്നിവ കൈപറ്റാത്തവർ മെയ് 20നകം കണ്ണൂർ ആർ ഐ സെന്ററിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരായി കൈപ്പറ്റേണ്ടതാണെന്ന് അസി. അപ്രന്റിസ്ഷിപ് അഡൈ്വസർ അറിയിച്ചു. ഫോൺ: 0497 2704588.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഇരിട്ടി താലൂക്കിലെ പേരാവൂർ വില്ലേജിലുള്ള പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദു മത വിശ്വാസികളായ പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം  തലശ്ശേരി അസിസ്റ്റന്റ് കമ്മീഷറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മെയ് 15ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി  അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂർ താലൂക്ക് വികസന സമിതി യോഗം മെയ് ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

വൈദ്യുതി മുടങ്ങും

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിയത്ത്, ചെമ്മാടം വായനശാല, സൂര്യ-1, സൂര്യ-2, നവഭാരത് കളരി, മതുക്കോത്ത്, വലിയ കുണ്ട് കോളനി, പാട്യം റോഡ്  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 30 ഞായർ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

 

ഏപ്രിൽ 30ന് രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരം, സ്റ്റേഡിയം, കോടതി, കെ വി ആർ, മഹാത്മാമന്ദിരം, സിവിൽ സ്റ്റേഷൻ, ആർടിഒ, ഡിഐജി ഓഫീസ്, എആർ ക്യാമ്പ്, ബേങ്ക്, മഹിത, ആശീർവാദ്, യാത്രി നിവാസ്, താവക്കര, വെയർഹൗസ്, ചേനോളി ജങ്ഷൻ, ധനലക്ഷ്മി ഹോസ്പിറ്റൽ, തായത്തെരു റോഡ്, മുഴത്തടം, കസാന കോട്ട, പാഴ്‌സി ബംഗ്ലാവ്, പി ആൻഡ് ടി ക്വാർട്ടേർസ്, കണ്ണൂർ യൂനിവേഴ്‌സിറ്റി, ടികെ ജങ്ഷൻ, കാപ്പിറ്റൽ മാൾ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

 

ക്വാറി ഉത്പന്നങ്ങളുടെ വിലയിൽ 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടർ

ക്വാറി ഉത്പന്നങ്ങളുടെ വിലയിൽ 2022 ഡിസംബർ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയതിൽനിന്ന് 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ക്വാറി-ക്രഷർ ഉടമസ്ഥരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ നിർദേശിച്ചു. വില കൂട്ടിയതിൽ നാല് രൂപ മാത്രം നിലനിർത്താനാണ് കലക്ടറുടെ നിർദേശം. നിർമ്മാണമേഖലയിലും റോഡ് വികസനത്തിലും 
തൊഴിലാളികൾക്കും ഉൾപ്പെടെ എല്ലാ മേഖലയിലും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ക്വറി ഉത്പന്നങ്ങൾ ലഭ്യമാവാത്ത പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കലക്ടർ വ്യക്തമാക്കി. ഇത്രയും വലിയ വിലവർധനവ് ന്യായീകരിക്കാൻ ആവാത്തതാണെന്ന് കലക്ടർ പറഞ്ഞു. ദേശീയപാത വികസനം, സ്‌കൂളുകളുടെ അറ്റകുറ്റപണി, വീട് നിർമ്മാണം, ഗ്രാമീണ റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ മുന്നോട്ടുപോവണം. 2022 ഡിസംബർ 31ന് ശേഷം മേഖലയിലുണ്ടായ വിവിധ വിഷയങ്ങൾ ജിയോളജി, ജിഎസ്ടി ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ തീരുമാനം അറിയിച്ചത്.
കലകട്‌റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർ ഡിഎം കെ വി ശ്രുതി, ടി എം അജയകുമാർ, സി വി രാജീവൻ (ജിഎസ്ടി), പി പി ശ്രീധരൻ (മൈനിംഗ് ആൻഡ് ജിയോളജി), സി വിനോദ് കുമാർ (തൊഴിൽ വകുപ്പ്), ജില്ലാ ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കളായ യു സയ്യിദ്, എം. രാജീവൻ, സണ്ണി സിറിയക്, സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്‌സൽ (ഡിവൈഎഫ്‌ഐ), തേജസ് (യൂത്ത് കോൺഗ്രസ്), സത്യൻ കൊമ്മേരി (ബിജെപി), കെ പി രാജൻ (സിഐടിയു), പി ലിജീഷ് (യുവമോർച്ച), കരാറുകാറുടെ സംഘടനകളായ പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറി തൊഴിലാളി എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ക്യാമ്പ് ഫോളോവർ : കൂടിക്കാഴ്ച രണ്ടിന്

മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് രണ്ടിന് രാവിലെ 10.30ന് നടക്കും. കുക്ക് (എട്ട് ഒഴിവുകൾ), ബാർബർ (നാല്), ധോബി (എട്ട്), വാട്ടർ കാരിയർ (രണ്ട്), സ്വീപ്പർ (രണ്ട്) എന്നിവയിലേക്കുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപരിചയം ഉള്ളവർ രണ്ടിന് രാവിലെ 10.30ന് കെഎപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിന്റെ പകർപ്പുമായി എത്തുക.

നാവികസേന സിറ്റിംഗ് നടത്തി

നാവികസേനാംഗങ്ങളുടെ വിധവകളുടെ പരാതിയും സംശയങ്ങളും പരിഹരിക്കാൻ ഏഴിമല നേവൽ റെജിമെന്റൽ സിസ്റ്റത്തിന്റെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തി. പുതിയ ക്ഷേമകാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പെൻഷൻ, കാന്റീൻ സൗകര്യം, ധനസഹായം തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകൾ നേവൽ പൊലീസ് പ്രതിനിധി ആർ അരുൺ ശങ്കർ, ഡിഫൻസ് സിവിൽ സ്റ്റാഫ് എൻ അനീഷ് എന്നിവർ സ്വീകരിച്ചു. മെയ് 16ന് ഏഴിമല നേവൽ അക്കാദമിയിൽ വിരമിച്ച സേനാംഗങ്ങൾ, സേനാംഗളുടെ വിധവകൾ എന്നിവരുടെ സംഗമം നടക്കുമെന്ന് അരുൺ ശങ്കർ പറഞ്ഞു. കണ്ണൂർ പി ആർ ഡി ചേമ്പറിൽ നടന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥരുടെ വിധവകളും കുടുംബാംഗങ്ങളും പങ്കെടുത്തു

date