Skip to main content

     നമ്പര്‍ വണ്‍ കേരള കാഴ്ചകളൊരുക്കി പിആര്‍ഡിയുടെ സ്മാര്‍ട്ട് പവലിയന്‍

എന്റെ കേരളം പ്രദര്‍ശനവിപണനമേള നഗരിയില്‍ വിനോദ വിജ്ഞാന കാഴ്ചകളൊരുക്കി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പവലിയന്‍. കേരളം ഒന്നാമത് എന്ന തീമില്‍ തയ്യാറാക്കിയിട്ടുള്ള പവലിയനില്‍ ദൃശ്യ മികവൊരുക്കി വികസന കാഴ്ചകള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് വിനോദത്തിനുള്ള ഇടവുമൊരുക്കിയിട്ടുണ്ട്. മേളയുടെ പ്രധാന കവാടത്തോടടുത്തുള്ള പവലിയനില്‍ വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ പങ്കുവെയ്ക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ മുതല്‍ എക്‌സ്പീരീയന്‍സ് റൂമുകള്‍വരെ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെയുള്ള  എല്‍.ഇ.ഡി വാളില്‍ നിന്ന് വിശദാംശങ്ങള്‍ എളുപ്പത്തില്‍ അറിയാന്‍ സാധിക്കും. ആരോഗ്യം, ടൂറിസം, ക്ഷേമ പെന്‍ഷന്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, പോലീസ്, തൊഴില്‍ തുടങ്ങിയ വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ളത്. കേരളീയ ജനതയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളുടെ ഷോര്‍ട്ട് വീഡിയോകള്‍ സജ്ജമാക്കിയിട്ടുള്ള എസ്പരീയന്‍സ് ഡിസ്‌പ്ലേ സംവിധാനങ്ങളും സാങ്കേതിക കാഴ്ചകളുമൊക്കെ കാഴ്ചക്കാരില്‍ നവ്യാനുഭവം ഒരുക്കുന്നുണ്ട്.
360 ഡിഗ്രി സെല്‍ഫി ബൂത്ത്
വികസന കാഴ്ചകളുടെ പവലിയനില്‍ പൊതുജനങ്ങള്‍ക്ക് വിനോദത്തിനായി ഒരുക്കിയിരിക്കുന്ന പ്രധാന ആകര്‍ഷണമാണ് 360 ഡിഗ്രി സെല്‍ഫി ബൂത്ത്. വികസന കാഴ്ചകളുടെ നടുവിലായി ഒരുക്കിയിരിക്കുന്ന ഈ സെല്‍ഫി ബൂത്തില്‍ കയറി നിന്നാല്‍ മതി 360 ഡിഗ്രിയിലുള്ള കിടിലന്‍ വീഡിയോകള്‍ റെഡി. ബാക്ഗ്രൗണ്ട് മ്യൂസിക് ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ കഴിയുംവിധം വീഡിയോകള്‍ ഫോണില്‍ ലഭ്യമാക്കാനുള്ള തല്‍സമയ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രായഭേദമന്യേ മേളയില്‍ എത്തുന്നവരുടെ പ്രധാന ആകര്‍ഷണമായി ഇതിനകം സെല്‍ഫി ബൂത്ത് മാറിക്കഴിഞ്ഞു.
ലക്കി ഡ്രോയില്‍ പങ്കെടുക്കാം; സമ്മാനങ്ങള്‍ നേടാം.
പവലിയന്‍ കാഴ്ചകളിലെ മറ്റൊരു വിനോദമാണ് ഡിജിറ്റല്‍ ക്വിസ് മത്സരം. എക്‌സപീരിയന്‍സ് റൂമിലെത്തുന്നവര്‍ക്ക് ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. ഇവിടെ ഒരുക്കിയിട്ടുള്ള വലിയ സ്‌ക്രീനില്‍ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്ത്  ഡിസ്‌പ്ലേ ബോര്‍ഡിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ രേഖപ്പെടുത്തുന്നതോടെ മത്സരത്തില്‍ പങ്കാളിയാകാന്‍ കഴിയും. നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്.
അല്‍പസമയം റേഡിയോ ജോക്കി ആയാലോ ....
കാഴ്ചകള്‍ക്കൊപ്പം രസകരവും വ്യത്യസ്തവുമായ അനുഭവമൊരുക്കുകയാണ്  പവലിയനിലെ മിനി റെക്കോര്‍ഡിംഗ് സ്റ്റുഡിയോ. വികസനത്തിനൊപ്പം ഞാനും പറയാം എന്ന ക്യാപ്ഷനോടെയാണ് മിനി റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ക്രമീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും പൊതുജനങ്ങളുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ തുറന്ന് പറയാനുള്ള അവസരമാണ് സ്റ്റുഡിയോയില്‍ ഒരുക്കിയിരിക്കുന്നത്. വികസനവും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നവരുടെ ഓഡിയോകള്‍ ഫീഡ്ബാക്കായി ശേഖരിക്കും. വിനോദ, വിജ്ഞാന കാഴ്ചകളൊരുക്കി സജ്ജമാക്കിയിട്ടുള്ള പവലിയന്‍ സന്ദര്‍ശിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്.

 

date