Skip to main content

എന്റെ കേരളം പ്രദര്‍ശനമേള; വിസ്മയമായി ശ്വാനപ്രദര്‍ശനം

അതിശയിപ്പിക്കുന്ന കുറ്റാന്വേഷണ മികവുകള്‍ കാഴ്ചവെച്ച കെ 9 സ്‌ക്വാഡിലെ ശ്വാനവീര•ാരുടെ പ്രകടനം കാണികള്‍ക്ക് പുതിയ അനുഭവമായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. വിഎച്ച് എസ് എസ് മൈതാനത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരള പോലീസ് ഒരുക്കിയ ശ്വാനപ്രദര്‍ശനം ജനങ്ങള്‍ നിറകയ്യടികളോടെയാണ് സ്വീകരിച്ചത്. മേളയുടെ പ്രധാനവേദിയോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ  പവലിയനിലാണ് കുറ്റാന്വേഷണ രംഗത്ത് മികവ് പുലര്‍ത്തുന്ന കേരള പോലീസിലെ ശ്വാനസേനാംഗങ്ങളുടെ പ്രകടനം അരങ്ങേറിയത്. പെട്ടിമുടി ദുരന്തത്തില്‍ മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തി കേരള പോലീസിനെ സഹായിച്ചതിന് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിനര്‍ഹയായ മായ എന്ന പോലീസ് നായയാണ് പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ നേടിയത്. ദുരന്ത സ്ഥലങ്ങളില്‍ മണ്ണിനടിയില്‍പ്പെടുന്നവരെ മണത്ത് കണ്ടെത്തുന്ന കടാവര്‍ വിഭാഗത്തില്‍പെട്ടതാണ് മായ. കേരള പോലീസ് അക്കാദമിയില്‍ നിന്ന് 9 മാസത്തെ കഠിന പരിശീലനത്തിലൂടെയാണ് മായ പോലീസ് സേനയുടെ ഭാഗമായത്. കുഞ്ഞനാണെങ്കിലും പ്രദര്‍ശനത്തില്‍ മികച്ച പ്രകടനത്തിലൂടെ ബീഗിള്‍ ഇനത്തില്‍ പെട്ട ടെഡിയും കാഴ്ചക്കാരുടെ മനം കവര്‍ന്നു. മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ മണത്ത് കണ്ടുപിടിച്ച് വന്‍ സ്‌ഫോടനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ടെഡിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. കൂടാതെ ട്രാക്കര്‍ നായകളായ സോനയും ജീത്തുവും എക്സ്പ്ലോസീവ് സ്നിഫറുകളായ അര്‍ജുനും ആനിയും നാര്‍ക്കോട്ടിക് വിഭാഗത്തില്‍ നിന്ന് ബെറ്റയും ലിസിയും പ്രദര്‍ശനത്തിത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മേളയില്‍ എല്ലാ ദിവസവും നടക്കുന്ന പ്രദര്‍ശനത്തില്‍ ബെല്‍ജിയം, ലാബ്രഡോര്‍, ബീഗിള്‍ എന്നിങ്ങനെ വിവിധ ഇനത്തിലുള്ള നായ്ക്കളാണ് കാണികള്‍ക്ക് മുന്നില്‍ അണിനിരക്കുക. സംസ്ഥാനത്തെ ഏക ശ്വാനപരിശീലന കേന്ദ്രമായ കേരള പോലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളാണ് മേളയില്‍ ശ്വാനപ്രദര്‍ശനം ഒരുക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ശ്വാന പരിശീലന കേന്ദ്രമാണിത്. കുറ്റാന്വേഷണത്തിനു കേരള പോലീസിനെ സഹായിക്കുന്നതിനും സ്‌ഫോടക വസ്തുക്കള്‍ കണ്ടുപിടിക്കുന്നതിനും മയക്കുമരുന്ന് കടത്ത് തടയുന്നതിനും അപകട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും യഥാക്രമം ട്രാക്കര്‍, എക്സ്പ്ലോസീവ് ഡിറ്റക്ഷന്‍, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍, കടാവര്‍ എന്നീ വിഭാഗങ്ങളിലാണ് നായ്ക്കള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നത്. കോഓഡിനേറ്റര്‍മാരായ മോഹനന്‍ ഒ പി, ബാബുരാജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനത്തിന് ശേഷം കാഴ്ചക്കാര്‍ക്ക് നായ്ക്കളെ പരിചയപ്പെടാനും അവയോടൊപ്പം സെല്‍ഫി എടുക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

date