Skip to main content

ഇത് താന്‍ ഡാ കേരള പോലീസ്;   ക്രമസാമാധാന പാലനത്തിന്റെ ഉള്ളറകള്‍ തുറന്ന് പൊലീസ് സ്റ്റാള്‍

കൗതുകവും അത്ഭുതവും നിറയ്ക്കുന്ന നവ്യാനുഭവമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഏകോപനത്തില്‍ ഒരുക്കിയ കേരള പോലീസിന്റെ സ്റ്റാള്‍.  വയര്‍ലസ് സംവിധാനങ്ങള്‍, ഫോറന്‍സിക് സയന്‍സ്, ഫിംഗര്‍പ്രിന്റ് ബ്യൂറോ, പോലീസിന്റെ വിവിധതരം തോക്കുകളും ആയുധങ്ങളും, സ്വയം രക്ഷ സംവിധാനങ്ങള്‍ തുടങ്ങി കേരള പൊലീസിന്റെ വിവിധ മേഖലകളെ കോര്‍ത്തിണക്കി പൊതുജനങ്ങള്‍ക്ക് പുത്തന്‍ അനുഭവം പകരുകയാണ് സ്റ്റാള്‍. കേരള പോലീസിന്റെ കുറ്റാന്വേഷണ മികവ് തെളിയിച്ച ഉത്ര വധക്കേസ്, മനോരമ വധക്കേസ്, ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്, വിസ്മയക്കേസ്, കൂടത്തായി കൊലപാതക പരമ്പര, വിഴിഞ്ഞം വധക്കേസ്, പനമരം ഇരട്ട കൊലപാതകം, ചേര്‍ത്തല ഹെന വധക്കേസ് തുടങ്ങിയ കേസുകളുടെ വിവരണങ്ങള്‍ സ്റ്റാളില്‍ ഡിജിറ്റല്‍ വാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ പോലീസ് സേനയുടെ വിവിധ അന്വേഷണ ഏജന്‍സികളെ സഹായിക്കുന്ന കേരളാ പോലീസിന്റെ പ്രധാന ശാസ്ത്രാന്വേഷണ വിഭാഗമായ ഫിംഗര്‍ പ്രിന്റ് ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റാളില്‍ നിന്നും മനസ്സിലാക്കാന്‍ അവസരമുണ്ട്. ഡി.എല്‍.കെ. ഇലക്ട്രോസ്റ്റാറ്റിക് ഡസ്റ്റ് ലിഫ്റ്റിംഗ് കിറ്റ്, ഫിംഗര്‍പ്രിന്റ് ഇമേജിംഗ് ഉപകരണം, ഡെഡ്ബോഡി ഫിംഗര്‍പ്രിന്റ് കിറ്റ്, ക്രൈം ലൈറ്റ്, ഇങ്ക്ഡ് ഫിംഗര്‍പ്രിന്റ്സ് ആന്‍ഡ് ഡെവലപ്ഡ്  ഫിംഗര്‍പ്രിന്റ്സ്, ഫിംഗര്‍പ്രിന്റ് ലിഫ്റ്റിംഗ് ടേപ്പുകള്‍, ഫിംഗര്‍പ്രിന്റ് എന്‍ഹാന്‍സിങ്  ഉപകരണം, ഫിംഗര്‍പ്രിന്റ് ഡെവലപ്പിങ് കിറ്റ് തുടങ്ങി അറിവിന്റെ കലവറ തന്നെയാണ് സ്റ്റാളില്‍ നിന്നും ലഭിക്കുന്നത്. ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാക്കുന്ന ഏജന്‍സിയായ ഫോറന്‍സിക് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവും സ്റ്റാളില്‍ നിന്ന് ലഭിക്കും.  സൂം സ്റ്റീരിയോ മൈക്രോസ്‌കോപ്പ്, കോമ്പൗണ്ട് മൈക്രോസ്‌കോപ്പ്, ക്രൈം ലൈറ്റ്സ്, ഡിസ്റ്റന്‍സ് മീറ്റര്‍ എന്നിവ സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചയാണ്. സംസ്ഥാന പോലീസ് സേനയുടെ ആശയവിനിമയ നട്ടെല്ലാണ് കേരള പോലീസ് ടെലികമ്മ്യൂണിക്കേഷന്‍.  ആദ്യകാലങ്ങളില്‍ ആശയ വിനിമയത്തിന് ഉപയോഗിച്ച് വന്നിരുന്ന എച്ച്എഫ് മോര്‍സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മുതല്‍ വിഎച്ച്എഫ് റിപ്പീറ്റര്‍, വയര്‍ലെസ് ആന്റിന, ഡി എം ആര്‍, വിഎച്ച്എഫ് സ്റ്റാറ്റിക് സെറ്റ്, യുഎച്ച്എഫ് എച്ച്/എച്ച്  സെറ്റ്, എല്‍/ബി എച്ച്/എച്ച്  സെറ്റ് എന്നിവ വരെ സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരള പോലീസില്‍ ഉപയോഗിക്കുന്ന  വിവിധതരം തോക്കുകളും ആയുധങ്ങളും മേളയില്‍ കാണികളെ  ആകര്‍ഷിക്കുന്നുണ്ട്.  ഒരേ സമയം ആറ് ഗ്രനേഡുകള്‍ നിറയ്ക്കാന്‍ കഴിയുന്ന മള്‍ട്ടി ഷെല്‍ ലോഞ്ചര്‍, ഇന്‍സാസ് റൈഫിള്‍, പിസ്റ്റലുകള്‍ മുതലായവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി സ്വയരക്ഷയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന വനിത സ്വയം പ്രതിരോധ പരിപാടി സ്റ്റാളില്‍ പ്രത്യേക പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. ഇടുക്കിയിലെയും എറണാകുളം റൂറലിലെയും വനിതാ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പ്രതിരോധ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. വനിതകള്‍ക്ക് വേണ്ടി തയ്യാറാക്കിയ നിര്‍ഭയം മൊബൈല്‍ ആപ്പ്, പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പ്, വിവിധ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ എന്നിവ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. 'പഠിക്കാം പോലീസിലൂടെ' മത്സരവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സ്‌ക്രീനില്‍ കാണിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാം. അടുത്ത ദിവസം 12 മണിക്ക് നറുക്കെടുപ്പ് നടത്തി വിജയിയെ അറിയിക്കും.
 

date