Skip to main content

നിയമസഭാ ലൈബ്രറി ശതാബ്ദി പരിപാടി മെയ് 2 ന്

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയോടനുബന്ധിച്ച് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ മധ്യമേഖലാ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി മെയ് രണ്ടിനു തൃശൂര്‍ കേരള സംഗീതനാടക അക്കാദമി റീജ്യണല്‍ തീയേറ്ററില്‍ നടക്കും. രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, സാമാജികര്‍, എം. പി. തുടങ്ങിയവര്‍ ആശംസ നേരും. പരിപാടിയോടനുബന്ധിച്ച് നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന ചരിത്ര പ്രദര്‍ശനം, നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദര്‍ശനം, പ്രഭാഷണം എന്നിവ നടക്കും. തൃശൂര്‍ ജില്ലയിലെ മുന്‍ സാമാജികര്‍ക്കും സാഹിത്യകാരന്‍ സച്ചിദാനന്ദനും ആദരം നല്‍കുന്ന ചടങ്ങില്‍ മുന്‍ സാമാജികര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും. 'കേരളം : നവോത്ഥാനവും ശേഷവും' എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടിയും അരങ്ങേറും.
 

date