Skip to main content

അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി; ചികില്‍സയേതും ഇവിടെ സൗജന്യം... *സൗജന്യ സേവനങ്ങളുമായി ആരോഗ്യവകുപ്പ് സ്റ്റാളുകള്‍

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവ.വി.എച്ച്.എസ്.സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യ വകുപ്പ് സ്റ്റാളുകള്‍ പ്രവര്‍ത്തന മികവില്‍ ശ്രദ്ധേയമായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി സ്റ്റാളുകളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യപരിശോധന ഒരുക്കിയും രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയുമാണ് വ്യത്യസ്തമാകുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'ആരോഗ്യ കേരളം' സ്റ്റാളില്‍ പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങി ജീവിതശൈലി രോഗങ്ങളുടെ പരിശോധന ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ശരീരഭാരം, പൊക്കം, ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) എന്നിവ പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. അമിത വണ്ണം, തൂക്കക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണക്രമീകരണങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. കൂടാതെ സംസ്ഥാന ആരോഗ്യ വകുപ്പ് കൈവരിച്ച നേട്ടങ്ങളും വിവിധ പദ്ധതികളുടെ പോസ്റ്റര്‍ പ്രദര്‍ശനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളില്‍ ആയൂര്‍വേദ ഡോക്ടറുടെ സേവനം ലഭ്യമാണ്. കൂടാതെ സൗജന്യ നേത്രപരിശോധനയും ഒരുക്കിയിട്ടുണ്ട്. പൈതൃകചികിത്സയുടെ പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ പണ്ട് കാലത്ത് ഔഷധങ്ങള്‍ സൂക്ഷിച്ചിരുന്ന വൈദ്യശാലകളിലെ അങ്ങാടിപ്പെട്ടി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കിരിയാത്ത്, ദേവദാരു, കുരുമുളക്, ഇരട്ടി മധുരം തുടങ്ങി 35 ഇനം ഔഷധങ്ങള്‍ അടങ്ങിയ അങ്ങാടിപ്പെട്ടിയാണ് പ്രദര്‍ശനത്തിലുള്ളത്. വൈദ്യര്‍ക്ക് പെട്ടിയില്‍ നിന്ന് ആവശ്യാനുസരണം വിവിധ ഔഷധ സാമഗ്രികള്‍ നിശ്ചിത അളവില്‍ എളുപ്പത്തില്‍ എടുക്കാന്‍ സഹായിക്കുന്ന രീതിയിലാണ് അങ്ങാടിപ്പെട്ടിയുടെ നിര്‍മാണം. ആരോഗ്യ സംരക്ഷണത്തിന് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എഴുതിത്തൂക്കിയ ആരോഗ്യമരവും ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാളിലുണ്ട്. കൂടാതെ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളും ആയുര്‍വേദ ആശുപത്രികളുടെ വിവരങ്ങളും അടങ്ങിയ നോട്ടീസും ഇവിടെ ലഭ്യമാണ്. വിളര്‍ച്ച, ക്ഷീണം എന്നിവ അകറ്റാന്‍ ദ്രാക്ഷാദ്രി കഷായ ചൂര്‍ണ്ണം, ചുക്കുപൊടി, ശര്‍ക്കര എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ ദ്രാക്ഷാദി പാനകവും സ്റ്റാളില്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സ്റ്റാളിലും ഡോക്ടറുടെ സേവനം ലഭ്യമാണ്. ജനനി, ആയുഷ്മാന്‍ ഭവ, സീതാലയം, സദ്ഗമയ, പുനര്‍ജനി തുടങ്ങി ഹോമിയോപ്പതിയിലെ വിവിധ വിഭാഗങ്ങളില്‍ ലഭ്യമാകുന്ന ചികിത്സാ പദ്ധതികളുടെ വിവരങ്ങളും അവ നടപ്പാക്കുന്ന ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. ജനനി പദ്ധതിയുടെ പ്രചരണാര്‍ത്ഥം ജനനി ഗെയിം സോണും സ്റ്റാളില്‍  തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ മരുത്, തുളസി, പാഷന്‍ഫ്രൂട്ട് തുടങ്ങി വിവിധ സസ്യങ്ങളും അവയില്‍ നിന്ന് തയ്യാറാക്കുന്ന ഹോമിയോ മരുന്നുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ തരം എണ്ണകളും മരുന്നുമടങ്ങിയ ഹോം കെയര്‍ കിറ്റും സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

 

date