Skip to main content

മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ കൂട്ടായി പരിഹരിക്കണം:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്

 

ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്.  ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്‌കരണം സംബന്ധിച്ച് ബ്ലോക്കുതല പരിശീലനം ആരംഭിച്ചു.  ജൈവ മാലിന്യ സംസ്‌കരണത്തിന് ബയോബിന്‍ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തണം. ബയോബിന്‍ ഉപയോഗത്തെക്കുറിച്ച് പരമാവധി ആറുമാസം പരിശീലനം നല്‍കണം. ബയോബിന്‍ ലഭ്യമാക്കുന്ന ഏജന്‍സികള്‍ മുഖേന പരിശീലനം സംഘടിപ്പിക്കണം. കോളനികളില്‍ മാലിന്യ സംസ്‌കരണത്തിന് തുമ്പൂര്‍മുഴി സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഗ്രാമീണ മേഖലകളെ കോര്‍ത്തിണക്കി വിവിധ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കും. കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023 -24 വാര്‍ഷിക പദ്ധതി സ്പില്‍  ഓവര്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുന്നത് സംബന്ധിച്ച വിഷയം ജില്ലാ പ്ലാനിങ് ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ പി. ബി. ഷിബിന്‍ യോഗത്തില്‍ അവതരിപ്പിച്ചു. മെയിന്റനന്‍സ് ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാര്‍ഗരേഖയിലെ പ്രധാന വിഷയങ്ങള്‍ അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. ടി. എല്‍. ശ്രീകുമാര്‍ അവതരിപ്പിച്ചു. 

അതിദാരിദ്ര്യം പുരോഗതി റിപ്പോര്‍ട്ട്, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത്, അനിമല്‍ ബര്‍ത്ത് കണ്‍ട്രോളര്‍ (എ.ബി.സി) പരിപാടി, കാരുണ്യ സ്പര്‍ശം പദ്ധതി 2022 - 23 വര്‍ഷത്തെ സ്പില്‍  ഓവര്‍ ആക്കുന്നതും 2023-24 വര്‍ഷത്തെ വാര്‍ഷിക നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാന്‍ അംഗീകാരം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി എ ഫാത്തിമ, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date