Skip to main content

ബ്രൂസെല്ലോസിസ് വാക്‌സിനേഷൻ ജില്ലാതല ഉദ്ഘാടനം

ജില്ലയിൽ പശുക്കുട്ടികൾക്കും എരുമക്കുട്ടികൾക്കുമുള്ള ബ്രൂസെല്ലോസിസ് വാക്‌സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവ്വഹിച്ചു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജോയ് ജോർജ്ജ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. നാല് മാസം മുതൽ എട്ട് മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾ, എരുമക്കിടാങ്ങൾ എന്നിവയ്ക്കാണ് കുത്തിവെപ്പ് എടുക്കേണ്ടത്. മെയ് 15 മുതൽ 19 വരെ ദിവസങ്ങളിലാണ് സംസ്ഥാനം മുഴുവൻ കുത്തിവെപ്പ് നടത്തുന്നത്. അതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് കുത്തിവെയ്പ്പ് നടത്തുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള രോഗമായതിനാൽ ജില്ലയിലെ മുഴവൻ ക്ഷീര കർഷകരും പശുക്കുട്ടികളെയും എരുമക്കുട്ടികളെയും കുത്തിവെയ്പ്പിന് വിധേയമാക്കണമെന്ന് ജില്ലാ കോ ഓർഡിനേറ്റർ  ആവശ്യപ്പെട്ടു.  ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട് വാക്‌സിനേഷൻ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി. ജില്ലാപഞ്ചായത്ത് ഒതുക്കുങ്ങൽ ഡിവിഷൻ മെമ്പർ സലീന ടീച്ചർ, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ പാലേരി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കുഞ്ഞീതു ഉമ്മാട്ട്, ഷാദിയ പർവി,  എ.കെ ഖമറുദ്ദീൻ, വർക്കിംഗ് ഗ്രൂപ്പ് അധ്യക്ഷൻ എം.സി കുഞ്ഞിപ്പ, താലൂക്ക് കോ ഓർഡിനേറ്റർ ഡോ. മുരളി, പഞ്ചായത്ത് സെക്രട്ടറി പി.കെ രാജീവ് എന്നിവർ സംസാരിച്ചു. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. വി.എസ് സുശാന്ത് കർഷകർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഒതുക്കുങ്ങൽ വെറ്ററിനറി സർജൻ ഡോ.ആൻസി നന്ദി പറഞ്ഞു.

 

date