Skip to main content

ചൂടേറിയ ചർച്ചകളുമായി ആരോഗ്യ വകുപ്പ് സെമിനാർ

'പൊതുജനാരോഗ്യത്തിലെ സാമൂഹിക ഉത്തരവാദിത്വവും വ്യക്തിസ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ ചൂടേറിയ ചർച്ചകൾ കൊണ്ട് വ്യത്യസ്തത തീർത്ത് ആരോഗ്യ വകുപ്പ് സെമിനാർ. സർക്കാറിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സെമിനാർ സംഘടിപ്പിച്ചത്.ആരോഗ്യ വിഭാഗം ജില്ലാ  സർവെയ്ലൻസ് ഓഫീസർ ഡോ.പി സുബിൻ സെമിനാർ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് എം പ്രോഗാം മാനേജർ ഡോ: ടി.എൻ അനൂപ് അധ്യക്ഷത വഹിച്ചു..

വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുമ്പോൾ പൊതുജനാരോഗ്യ രംഗത്തെ സാമൂഹിക ഉത്തരവാദിത്വത്തിന് പലപോഴും വീഴ്ചകൾ സംഭവിക്കുന്നു. നമ്മുടെ പ്രവൃത്തികൾ സമൂഹത്തിലെ മറ്റുള്ളവർക്ക് ദോഷകരമായി മാറുന്നത് ശരിയായ പ്രവണതയല്ലെന്നും,  വാക്സിൻ എടുക്കാതിരിക്കുക , നിയമങ്ങൾ അനുസരിക്കാതിരിക്കുക, ഭക്ഷണം, വെള്ളം എന്നിവയിലെ ശുചിത്വമില്ലായ്മ, തുടങ്ങിയ നിരവധി കാര്യങ്ങൾ പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മഞ്ചേരി മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച് സെമിനാറിൽ പങ്കെടുത്ത ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടു.

എന്നാൽ വ്യക്തിസ്വാതന്ത്ര്യം പരിഗണിക്കാതെയുള്ള പൊതുജനാരോഗ്യത്തിന് പ്രാധാന്യം നൽകണമെങ്കിൽ, ആരോഗ്യ സംവിധാങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് സമൂഹത്തിന് വ്യക്തമായ ശാസ്ത്രീയ അടിത്തറ നൽകാൻ കഴിയണം. ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും മികച്ചതും പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം നൽകി കൊണ്ടും മാത്രമേ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാൻ ശ്രമിക്കാൻ കഴിയുകയൊള്ളുവെന്നും പെരിന്തൽമണ്ണ എം.ഇ എസ് മെഡിക്കൽ കോളേജിനെ പ്രതിനിധീകരിച്ച ഡോക്ടർമാരുടെ സംഘം അഭിപ്രായപ്പെട്ടു .

ഇരു വാദങ്ങളിലും ചർച്ചകൾ ചൂടേറിയപ്പോൾ സമാന വിഷയത്തിൽ  അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച്  കാണികളും സംവാദത്തെ രസകരവും വിജ്ഞാനപ്രദവുമാക്കി.

ട്രഷറി ഓഡിറ്റ് ഓഫീസർ ശ്യാം കൃഷ്ണൻ സംവാദം നിയന്ത്രിച്ചു.  ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ: ഫിറോസ് ഖാൻ , ജൂനിയർ അഡ്മിനിസ്ട്രറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ജെ നവ്യ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ,
തവനൂർ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

 

date