Skip to main content

'എന്റെ കേരളം' മേളയ്ക്ക് ഇന്ന് (മെയ്16) സമാപനം

ഭാരതപ്പുഴയും തിരൂർ-പൊന്നാനി പുഴയും ഒത്തുചേർന്ന് അറബിക്കടലിൽ സംഗമിക്കുന്ന പൊന്നാനിയിലെ അഴിമുഖത്തിന് സമാനമായിരുന്നു മെയ് 10 മുതൽ എ.വി സ്‌കൂൾ മൈതാനവും. കളിയും കാര്യവും കലയും രുചി വൈവിധ്യങ്ങളും ഒപ്പത്തിനൊപ്പം മാറ്റുരച്ച ഏഴ് ദിനരാത്രങ്ങൾ പിന്നിട്ട സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായ 'എന്റെ കേരളം' മെഗാ മേളയ്ക്ക് ഇന്ന് (മെയ് 16) സമാപനമാകും. സ്ത്രീകളും കുട്ടികളുമുൾപ്പടെ ലക്ഷക്കണക്കിന് പേരാണ് പൊന്നാനിയിലെ ആദ്യ ഹൈസ്‌കൂളായ എ.വിയുടെ മൈതാനത്ത് 42,000 ചതുരശ്ര അടിയിൽ ഒരുക്കിയ പന്തലിലേക്ക് ഒഴുകിയെത്തിയത്.

ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖ്ഫ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പ്രദർശന മേളയിലെ മികച്ച സ്റ്റാളിനുള്ള അവാർഡ് സമാപന ചടങ്ങിൽ വിതരണം ചെയ്യും. ഷഹബാസ് അമന്റെ സംഗീത വിരുന്നോടെയാണ് പരിപാടികൾക്ക് സമാപനം കുറിക്കുക.

തുഞ്ചൻപറമ്പും നിള ടൂറിസം പാലവും ലൈറ്റ് ഹൗസും പശ്ചാത്തലമായി ഒരുക്കിയ കൂറ്റൻ പ്രവേശന കവാടത്തിലൂടെ പ്രദർശന മേളയിലെത്തുന്നവർക്ക് വിവിധ മേഖലകളിൽ കേരളം ഒന്നാമതായത് എങ്ങനെയെന്നതിനുള്ള നേർക്കാഴ്ചകളാണുണ്ടായിരുന്നത്. സെൽഫി ആരാധകരെ ഏറെ ആകർഷിച്ച ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫോട്ടോ സ്പിൻ 360 ഡിഗ്രി വീഡിയോ ക്യാം ബൂത്ത്, ടൂറിസം വകുപ്പിന്റെ മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും വിളിച്ചോതിയ സുരങ്കയും ഏലത്തോട്ടവും, സേവനങ്ങളും സമ്മാനങ്ങളുമായി വിവിധ വകുപ്പുകളും മേളയെ പൊതുജന ശ്രദ്ധയാകർഷിച്ചു. ബലൂൺ പാർക്ക്, ജൂനിയർ പ്ലേ സ്റ്റേഷൻ, ട്രംബോളിൻ, ബോൾപൂൾ, റോക്കർ ഫിഷ് തുടങ്ങിയ റെയ്ഡുകളുമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയ ചിൽഡ്രൻസ് പാർക്ക്, പൊന്നാനിയിലെ അപ്പത്തരങ്ങളും അട്ടപ്പാടി സമൂഹത്തിലെ പരമ്പരാഗത രുചിക്കൂട്ടുകളായ വനസുന്ദരിയും സോലൈ മിലനും വിളമ്പിയ കുടുംബശ്രീയുടെ ഫുഡ് കോർട്ട്, കാലിക പ്രസക്തമായ വിഷങ്ങൾ ചർച്ച ചെയ്ത സെമിനാറുകൾ, പ്രമുഖ ബാൻഡുകളുടെയും ഭിന്നശേഷിക്കാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ കലാ പരിപാടികളും മേളയ്ക്ക് മാറ്റേകി.

date