Skip to main content

നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍; ദ്വിദിന ദേശീയ ശില്‍പശാല 23ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം  ചെയ്യും

 

 'നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാല എറണാകുളം അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ജൂൺ 23, 24 തീയതികളിൽ നടക്കും. ജൂണ്‍ 23ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ശില്‍പശാലയുടെ ഉദ്ഘാടനവും പദ്ധതി സംബന്ധിച്ച മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. 

നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ടു കൊണ്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 2015 മുതല്‍ വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ദേശീയ നഗര ഉപജീവന ദൗത്യം. പദ്ധതിയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നതിനെ തുടര്‍ന്ന് രണ്ടാം ഘട്ടത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ദേശീയതലത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്. കേരളം ഉള്‍പ്പെടെ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ മികച്ച മാതൃകകള്‍ പരസ്പരം അറിയുന്നതിനും മനസിലാക്കുന്നതിനുമുള്ള മികച്ച വേദിയായി ശില്‍പശാലയെ മാറ്റുക എന്നതാണ്  ലക്ഷ്യം. ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശത്തും നഗരമേഖലയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫീല്‍ഡ്തല യാഥാര്‍ത്ഥ്യങ്ങള്‍, സങ്കീര്‍ണതകള്‍, വെല്ലുവിളികള്‍ എന്നിവയും പരസ്പരം മനസിലാക്കാന്‍ ശിലപശാലയിലൂടെ അവസരമൊരുക്കും. 

ദ്വിദിന ശില്‍പശാലയില്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ദീന്‍ ദയാല്‍ അന്ത്യോദയ-ദേശീയ നഗര ഉപജീവന ദൗത്യം, പി.എം സ്വാനിധി ജോയിന്‍റ് സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ രാഹുല്‍ കപൂര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, എന്‍.യു.എല്‍.എം പദ്ധതി ഡയറക്ടര്‍മാരായ ഡോ. മധുറാണി തിയോത്തിയ,  ശാലിനി പാണ്ഡെ, എന്നിവര്‍ ശില്‍പശാലയെ അഭിസംബോധന ചെയ്തു സംസാരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ നഗര ഉപജീവന ദൗത്യം-പദ്ധതി ദേശീയതലത്തില്‍ മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്കുള്ള പുരസ്കാര വിതരണം, 'നഗരമേഖലയിലെ സൂക്ഷ്മസംരംഭങ്ങള്‍-50 പഠനങ്ങള്‍' പുസ്തക പ്രകാശനം, പദ്ധതി സംബന്ധിച്ച ഹ്രസ്വചിത്രത്തിന്‍റെ സ്ക്രീനിങ്ങ് എന്നിവയും നടക്കും.  അഞ്ച് വ്യത്യസ്ത വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ മികച്ച മാതൃകകള്‍ അവതരിപ്പിക്കും. കൂടാതെ അന്തര്‍ദേശീയ തലത്തിലുള്ള മികച്ച മാതൃകളും അവതരിപ്പിക്കും. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അവതരണവും ശില്‍പശാലയില്‍ ഉണ്ടായിരിക്കും. തീമാറ്റിക് സ്റ്റാളുകളും ഉല്‍പന്ന സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്. ശില്‍പശാലയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് കേരളത്തിലെ മികച്ച മാതൃകകള്‍ പഠിക്കുന്നതിനും അറിയുന്നതിനുമായി ഗുരുവായൂര്‍ നഗരസഭ, കുന്നംകുളം നഗരസഭ, തൃശൂര്‍ കോര്‍പ്പറേഷന്‍, കൊച്ചി വാട്ടര്‍ മെട്രോ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 

സംസ്ഥാനത്ത് നഗര തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് 2015 മുതലാണ് എന്‍.യു.എല്‍.എം പദ്ധതിയുടെ തുടക്കം. നഗരമേഖലയില്‍ ത്രിതല സംഘടനാ സംവിധാനമൊരുക്കി ദരിദ്ര കുടുംബങ്ങളെ കുടുംബശ്രീയുടെ കീഴില്‍ കൊണ്ടുവരുന്നതിന് പ്രത്യേക പ്രാധാന്യം നല്‍കികൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. നിലവില്‍ 27154 അയല്‍ക്കൂട്ടങ്ങള്‍ നഗരമേഖലയിലുണ്ട്. ഇതിലെ അംഗങ്ങളുടെ കുടുംബങ്ങളിലേക്ക് തൊഴിലും വരുമാനവുമെത്തിച്ചു കൊണ്ട് ദാരിദ്ര്യം ലഘൂകരണത്തിനായി നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഊര്‍ജിതമാണ്. 25616 പേരെ വിവിധ തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കുകയും അതില്‍ 14942 പേര്‍ക്ക് വേതനാധിഷ്ഠിത തൊഴില്‍ ലഭ്യമാക്കുകയും ചെയ്തത് പദ്ധതിയുടെ ഭാഗമാണ്. 5769 വ്യക്തിഗത സംരംഭങ്ങളും 1261 ഗ്രൂപ്പു സംരംഭങ്ങളും രൂപീകരിച്ചുകൊണ്ട് സ്വയംതൊഴില്‍ മേഖലയിലും കുടുംബശ്രീ തൊഴിലവസരങ്ങളൊരുക്കി. 

നഗരദരിദ്രര്‍ക്കായി സംസ്ഥാനത്ത് 41 അഭയകേന്ദ്രങ്ങള്‍ക്കും പദ്ധതി വഴി അനുമതി നേടി. ഇതില്‍ 23 എണ്ണവും പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടി വരുന്ന നഗരദരിദ്രര്‍ക്ക് ഏറെ സഹായകമാവുകയാണ് കുടുംബശ്രീയുടെ ഈ അഭയകേന്ദ്രങ്ങള്‍. സംസ്ഥാനത്തെ നഗര മേഖലയിലെ അസംഘടിതരായ തെരുവോര കച്ചവടക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ പശ്ചാത്തലവും അംഗീകാരവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. ഇതിനായി സര്‍വേയിലൂടെ 25726 തെരുവു കച്ചവടക്കാരെ കണ്ടെത്തുകയും അതില്‍ 19041 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുകയും ചെയ്തു. ഒപ്പം 6395 തെരുവു കച്ചവടക്കാര്‍ക്ക് വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റും നല്‍കി. തെരുവുകച്ചവടക്കാര്‍ക്ക് ധനസഹായവും നല്‍കുന്നുണ്ട്.

date