Skip to main content

കായിക മേഖലയിൽ മികച്ച പിന്തുണ;  കായികരംഗത്ത് അഭിമാന നേട്ടവുമായി മഹാരാജാസ് കോളേജ്

 

ക്രിക്കറ്റ്, ഫുട്ബോൾ കായിക ഇനങ്ങളിലാണ് കോളേജിലെ താരങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുന്നത്.
തിളക്കമാർന്ന നേട്ടവുമായി രാജ്യത്തെ മുൻനിര ക്ലബ്ബുകളിൽ ഇതിനോടകം സാന്നിധ്യമറിയിച്ചിരിക്കുകയാണിവർ. 

അബ്ദുൽ ബാസിത്, നിഹാൽ സുധീഷ്, മുഹമ്മദ് അസർ, മുഹമ്മദ് ഐമെൻ, അഥുൽ കൃഷ്ണൻ, സോയൽ ജോഷി എന്നിവരാണ് മഹാരാജാസ് കോളേജിൽ നിന്നും ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുന്നത്.

കോളേജിലെ ഹിന്ദി വിഭാഗം വിദ്യാർത്ഥിയായ അബ്ദുൽ ബാസിത് നിലവിൽ ഐപിഎല്ലിലെ പ്രമുഖ ടീമായ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് കളിക്കുന്നത്. നിരവധിതവണ കേരള സീനിയർ  ക്രിക്കറ്റ് പ്രതിനിധീകരിച്ചും ബാസിത് കളിക്കളത്തിൽ താരമായിട്ടുണ്ട്.

കാൽപന്തുകളിയിൽ മാസ്മരികത തീർത്ത് കോളേജിന് അഭിമാനമായി മാറുകയാണ് നിഹാൽ സുധീഷ്, മുഹമ്മദ് അസർ, മുഹമ്മദ് ഐമെൻ, അഥുൽ കൃഷ്ണൻ, സോയൽ ജോഷി എന്നിവർ.

കേരളത്തിൻ്റെ സ്വന്തം ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയാണ് നിഹാൽ സുധീഷ്, മുഹമ്മദ് അസർ, മുഹമ്മദ് ഐമെൻ എന്നിവർ ജെയ്സി അണിയുന്നത്. കൊമേഴ്സ് വിദ്യാർത്ഥിയായ നിഹാൽ ബ്ലാസ്റ്റേഴ്സിൽ ഫോർവേഡ് താരമായാണ് കളിക്കുന്നത്.  ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥികളായ അസർ, ഐമെൻ എന്നിവർ ബ്ലാസ്റ്റേഴ്സിൽ മിഡ്ഫീൽഡറായാണ് കളിക്കളം വാഴുന്നത്. ലക്ഷദ്വീപ് സ്വദേശികളായ ഇവർ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫിയിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ അഥുൽ കൃഷ്ണൻ ഈസ്റ്റ് ബംഗാൾ ടീമിലെ പ്രധാന ആകർഷണമാണ്. ഖേലോ ഇന്ത്യ ടീം മെമ്പറായ അഥുൽ സെൻട്രൽ ബാക് പൊസിഷനിലാണ് ബൂട്ടണിയുന്നത്. എക്കണോമിക്സ് വിദ്യാർത്ഥിയായ സോയൽ റൈറ്റ് വിങ് ബാക്ക് പ്ലയറായാണ് മൈതാനം കീഴടക്കുന്നത്. സന്തോഷ് ട്രോഫി കേരള ടീമിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് സോയൽ.

കുട്ടികളുടെ കായിക അഭിരുചിയെ വളർത്തിയെടുക്കാൻ മികച്ച പരിശീലനമാണ് അധ്യാപകരുടെ നേതൃത്വത്തിൽ നൽകുന്നത്. ആധുനിക നിലവാരത്തിലുള്ള കോളേജ് ഗ്രൗണ്ടും കുട്ടികളുടെ കായിക താൽപര്യങ്ങൾക്ക് ഏറെ സഹായകരമാണ്. കൂടാതെ വിവിധ കായിക ഇനങ്ങളിൽ ഓരോരുത്തരുടെയും താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാൻ പനമ്പിള്ളി നഗറിലെ സെൻട്രലൈസ് സ്പോർട്സ് ഹോസ്റ്റലിൻ്റെയും അവിടത്തെ കോച്ചിന്റെയും സേവനം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.

date