Skip to main content

എലിപ്പനിക്കെതിരെയും ജാഗ്രത വേണം

 

എലിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിൽ ഈ വർഷം എലിപ്പനി മൂലം 5 മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. തിരുവാലി 1 , ആനക്കയം 1, താഴെക്കോട് 1, ചെറുകാവ് 1, ചോക്കാട് 1 എന്നിങ്ങനെയാണ് ഈ വർഷം  എലിപ്പനി മൂലം മരണം സംഭവിച്ചത്.ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്.  വീടിനകത്തോ പുറത്തോ എലി, നായ, കന്നുകാലികൾ മുതലായവയുടെ മൂത്രം കലർന്ന വസ്തുക്കളും ആയുള്ള സമ്പർക്കം വഴി ഈ ബാക്ടീരിയ തൊലിയിലുള്ള മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. എലി മാത്രമല്ല മറ്റു വളർത്തു മൃഗങ്ങളുടെ മൂത്രത്തിൽ നിന്നും  മൂത്രം കലർന്ന വെള്ളത്തിൽ നിന്നും എലിപ്പനി പകരാൻ സാധ്യതയുണ്ട്. 

 ഓടകൾ കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ കൈയുറ കാലുറ തുടങ്ങിയവ ധരിക്കാതെ ജോലി ചെയ്യുന്നവർക്ക് എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്.  ഇത്തരം ജോലിക്കാർ ആഴ്ചയിൽ ഒരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ കഴിക്കുക വഴി എലിപ്പനി തടയാം .

 ശരീരത്തിൽ ചെറിയ മുറിവുകളോ വ്രണങ്ങളോ ഉള്ളവർ പാദം വിണ്ടുകീറിയവർ ഏറെനേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമായവർ തുടങ്ങിയവരിൽ എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ എന്ന രോഗാണുവിന് പ്രവേശിക്കാൻ എളുപ്പമാണ്.  

 

എലിപ്പനിയുടെ ലക്ഷണങ്ങൾ

            കടുത്ത പനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിന് ചുവപ്പ് അല്ലെങ്കിൽ മഞ്ഞനിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത നിറം കാണപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയോ ആരോഗ്യ പ്രവർത്തകരെ സമീപിക്കുകയും ചെയ്യേണ്ടതാണ്.   പകർച്ചപ്പനികൾക്കെതിരെ   സ്വയം ചികിത്സ ഒഴിവാക്കേണ്ടതുംവിദഗ്ധ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്.

പ്രതിരോധ മാർഗങ്ങൾ

 

എലിപ്പനിക്കെതിരെ പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം. കന്നുകാലികളെ കുളിപ്പിക്കുന്ന തോട് ,കുളം, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ കുളിക്കുകയോ മുഖം വായ കൈകാലുകൾ എന്നിവ കഴുകുകയോ ചെയ്യരുത്.

 തൊഴുത്ത്, പട്ടിക്കൂട്, മറ്റു വളർത്ത മൃഗങ്ങളുടെ കൂടുകൾഎന്നിവ വൃത്തിയാക്കുമ്പോൾ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ് .

  

ശരീരത്തിൽ മുറിവുകളുള്ളവർ മലിനജലമായുള്ള സമ്പർക്കം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. വയലുകളിൽ ജോലി ചെയ്യുന്നവരും ഓട കനാൽ തോട് കുളങ്ങൾ വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവരിലും എലിപ്പനിക്കുള്ള സാധ്യത കൂടുതലാണ്.  കൈകാലുകളിലോ മറ്റു ശരീര ഭാഗങ്ങളിലോ മുറിവുകളുള്ളവർ അത് ഉണങ്ങുന്നതുവരെ ഇത്തരം ജോലികൾ ഒഴിവാക്കേണ്ടതാണ്.  ഒഴിവാക്കാൻ കഴിയില്ലെങ്കിൽ മണ്ണിലും ചളിയിലും വെള്ളക്കെട്ടുകളിലും ജോലിക്ക് ഇറങ്ങുന്നവർ കൈയുറ, കാലുറ മുതലായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.  കൂടാതെ ആഴ്ചയിലൊരിക്കൽ ഭക്ഷണശേഷം 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോഗ്സിസൈക്ലിൻ ഗുളികകൾ കഴിക്കേണ്ടതാണ്.

            മീൻ പിടിക്കുവാൻ പോകുന്ന സ്ഥലങ്ങളിൽ അതുപോലെ നീന്താൻ പോകുന്ന സ്ഥലങ്ങളിൽ മലിനജലവുമായി സമ്പർക്കം ഉണ്ടായാൽ ഗുളിക കഴിച്ച് എലിപ്പനിക്കെതിരായ മുൻകരുതൽ എടുക്കേണ്ടതാണ്.

ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയും കൂട്ടിയിടുകയോ ചെയ്യരുത് അവ കൃത്യമായി ശാസ്ത്രീയമായ രീതിയിൽ തന്നെ സംസ്കരിക്കേണ്ടതാണ് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കുവാൻ അനുവദിക്കരുത്.

ജില്ലയിലെ പകർച്ചവ്യാധികൾ തടയുന്നതിനും കൃത്യമായി പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായ വിദഗ്ധ ചികിത്സ  സ്വീകരിക്കുന്നതിനും എല്ലാവരും  ബോധവാന്മാരാകണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഓർമ്മപ്പെടുത്തി.

date