Skip to main content
നിർമാണം പുരോഗമിക്കുന്ന ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്ത് പാലം

കാട്ടിക്കുന്ന് തുരുത്ത് പാലം അന്തിമഘട്ടത്തിലേക്ക്

 

കോട്ടയം: കാട്ടിക്കുന്ന് തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക്. കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയായി.
പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ജനതയുടെ സ്വപ്‌നസാക്ഷാത്കാരമാണ് പൂർത്തിയാകുന്നത്. ചെമ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ 300 ഏക്കറോളം വിസ്തൃതിയുള്ള, വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരത്തിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കടത്തു വള്ളങ്ങളും ചെറുവള്ളങ്ങളുമാണ്. 138 കുടുംബങ്ങളാണ് ഈ തുരുത്തിലുള്ളത്.
 പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവിട്ടാണു കാട്ടിക്കുന്ന് തുരുത്തു പാലം നിർമിക്കുന്നത്. 114.6 മീറ്റർ നീളത്തിലും 6.50 വീതിയിലുമായി ഏഴ് സ്പാനുകളോടും കൂടി നിർമ്മിക്കുന്ന പാലത്തിന് ഇരുവശങ്ങളിലുമായി ബി.എം.ബി.സി നിലവാരത്തിൽ സമീപനപാതയും നിർമിക്കും.
കൊച്ചി ആസ്ഥാനമായുള്ള സൈമ ഡൈനാമിക്സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയ്ക്കാണ് പാലത്തിന്റെ നിർമാണ കരാർ. നിലവിൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിച്ചു വരികയാണ്.

 

date