Skip to main content

സർക്കാർ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ആർ.ബി.ഐയുടെ സാമ്പത്തിക സാക്ഷരതാ ക്വിസ്

 

കോട്ടയം: ഭാരതീയ റിസർവ് ബാങ്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സർക്കാർ സ്‌കൂളുകളിലെ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരതാ ക്വിസ് സംഘടിപ്പിക്കുന്നു. സർക്കാർ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാതലത്തിൽ ആരംഭിക്കുന്ന ക്വിസ് ജില്ലാ, സംസ്ഥാന, സോണൽ തലങ്ങൾക്കുശേഷം ദേശീയതലത്തിൽ അവസാനിക്കും. ഉപജില്ലാ/ജില്ലാതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്ന ടീം യഥാക്രമം ജില്ലാ/സംസ്ഥാനതല ക്വിസിൽ പങ്കെടുക്കാൻ അർഹത നേടും. ജൂൺ, ജൂലൈ മാസങ്ങളിലായി സംസ്ഥാനത്തുടനീളം നടത്തുന്ന ക്വിസിനായി ഉപജില്ലാതലത്തിൽ ഓരോ സർക്കാർ സ്‌കൂളിൽനിന്നും ഒരുടീമിന് പങ്കെടുക്കാം. രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ടീമിൽ എട്ടാംക്ളാസ്മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഭാഗമാകാം.  ആദ്യഘട്ടമായ ഉപജില്ലാതലക്വിസ് ജൂൺ 26 ന് ഓൺലൈൻ ആയി നടക്കും.
ഭാരതീയ റിസർവ് ബാങ്കിന്റെയും /നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ എഡ്യൂക്കേഷന്റെയും വെബ്സൈറ്റിൽ ലഭ്യമായ സാമ്പത്തിക വിദ്യാഭ്യാസ സാമഗ്രികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ജി-20, ബാങ്കിംഗ് സാമ്പത്തികമേഖലയും സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ക്വിസിൽ ഉൾപ്പെടും.
ഉപജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ടീമുകൾക്ക് 5000 രൂപ, 4000 രൂപ, 3000 രൂപ എന്ന ക്രമത്തിൽ സമ്മാനത്തുക നൽകും. ജില്ലാതലക്വിസിൽ 10,000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെയാണ് സമ്മാനം. സംസ്ഥാന തല ക്വിസിലെ വിജയികൾക്ക് യഥാക്രമം 20,000 രൂപ, 15,000 രൂപ, 10,000 സമ്മാനമായി നൽകും. വിജയികൾക്കും, പങ്കെടുക്കുന്ന എല്ലാടീമുകൾക്കും റിസർവ് ബാങ്ക്‌സർട്ടിഫിക്കറ്റുകൾ നൽകും.
കൂടുതൽ വിവരങ്ങൾക്കായി സ്‌കൂളുകൾക്ക് അതത് ഡി.ഇ.ഒ. ഓഫീസുമായോ റിസർവ് ബാങ്ക് തിരുവനന്തപുരം റീജണൽ ഓഫീസുമായോ ബന്ധപ്പെടാം. (Email: fidd.@rbi.org.in ,  Phone: 9447754658)
 

 

 

date