Skip to main content

ഒരു മാസത്തിനകം 15 വില്ലേജുകളിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സ്ഥാപിക്കും- മന്ത്രി കെ. രാജൻ

ആലപ്പുഴ: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുത്ത 15 വില്ലേജുകളിൽ ജൂലൈ 31നകം ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് സ്മാർട്ട്‌ വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളും റവന്യൂ വകുപ്പിന്റെ പോർട്ടലായ റെലിസും സർവ്വേ വകുപ്പിന്റെ പോർട്ടലായ ഇ -മാപ്പും  കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 'എന്റെ ഭൂമി'- ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരുന്നത്. ഓരോ വില്ലേജിലും ഡിജിറ്റൽ റിസേർവ്വേ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരും. ഭൂമി വാങ്ങുമ്പോൾ തന്നെ പോക്കുവരവ് നടത്താൻ പര്യാപ്തമാണോ ലൊക്കേഷനും സ്കെച്ചും ശരിയാണോ എന്നതടക്കം ഇതിലൂടെ അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൃത്യതയോടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കേരളത്തിലെ ഭൂമി സമഗ്രമായി ഡിജിറ്റലായി അളക്കാൻ കഴിയുന്ന ഡിജിറ്റൽ സർവേ നടന്നുവരികയാണ്. 848.75 കോടി രൂപ ചെലവഴിച്ചു നടത്തുന്ന ഈ പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാകും. ഈ ചുരുങ്ങിയ കാലം കൊണ്ട് 92,000 ഹെക്ടറോളം ഭൂമി അളന്നു കഴിഞ്ഞു. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇനിയൊരു തർക്കം ഉണ്ടാവില്ലെന്ന മെച്ചമാണ് ഡിജിറ്റൽ റീസർവേയിലൂടെ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷനായി. ജില്ല കളക്ടർ ഹരിത വി. കുമാർ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി വിശ്വംഭരൻ, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മജ അഭിലാഷ്, സബ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.വി. പ്രിയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ റോജി മണിമല, പഞ്ചായത്ത് അംഗം ജോസഫ് ജോസഫ് മാമ്പൂത്ര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date