Skip to main content

ഭൂരഹിതരുടെ കണ്ടെത്തൽ ജൂലൈ മുതൽ റവന്യൂ സഭകൾ സംഘടിപ്പിക്കും -മന്ത്രി കെ രാജൻ

ആലപ്പുഴ: എല്ലാവർക്കും ഭൂമി എന്ന സർക്കാർ ലക്ഷ്യം നേടുന്നതിനായി ജൂലൈ മാസത്തിൽ 
കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും റവന്യൂ സഭകൾ സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും സമ്പൂർണ ഇ-ജില്ല പ്രഖ്യാപനവും ചേർത്തലയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ പട്ടയം മിഷൻ നടപ്പാക്കുകയാണ്. റവന്യൂ സഭകളിൽ ഭൂരഹിതരെ കണ്ടെത്തുന്നതിനുള്ള 
നടപടികൾ ഉണ്ടാകും. തഹസിൽദാരിൽ കുറയാത്ത അധികാരിയെ 
ഓരോ നിയോജക മണ്ഡലത്തിലും നോഡൽ ഓഫീസറായി നിയമിക്കുമെന്നും 
എല്ലാ നിയോജക മണ്ഡലത്തിലെയും എംഎൽഎമാർ രാഷ്ട്രീയ ഭേദമില്ലാതെ ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 കേരളത്തിലെ അർഹരായ ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിന് ഏതുതരം നിയമഭേദഗതിക്കും സർക്കാർ തയ്യാറാകുമെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങളെ വളച്ചൊടിച്ച് അനർഹമായി ഭൂമി കൈവശം വച്ചിരിക്കുന്നവരിൽ നിന്നും അത് പിടിച്ചെടുത്ത് വിതരണം ചെയ്യാൻ സർക്കാർ മടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പട്ടയം മിഷനായി സംസ്ഥാനതല നിരീക്ഷണ സമിതിയും രൂപവൽക്കരിക്കും. 

സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ ഈ സർക്കാരിൻറെ കാലത്ത് പൂർത്തിയാക്കും. കഴിഞ്ഞ ആറുമാസത്തിനിടെ 97,000 ഹെക്ടർ ഭൂമി ഡിജിറ്റൽ സർവ്വേ നടത്തിയതിൽ അഞ്ചു പരാതികൾ മാത്രമാണ് ലഭിച്ചതെന്നും തെറ്റുകുറ്റങ്ങൾ ഇല്ലാത്തവിധം ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്നതോടെ അതിർത്തി കല്ലുകൾ നീക്കം ചെയ്യുന്ന  പ്രവണത ഇല്ലാതാകുമെന്നും റവന്യൂ വകുപ്പിൻറെ കയ്യിൽ ഭുവുടമയുടെ ഭുമിയുടെ അതിരിൽ ഒരു അദൃശ്യ ഡിജിറ്റൽ വേലി ഉണ്ടാകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലയിലെ കോളനികളിലുള്ള മുഴുവൻ ജനങ്ങൾക്കും പട്ടയം ലഭ്യമാക്കുന്നതിന് പ്രത്യേക കോളനി പട്ടയ മിഷൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പട്ടയമേളയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 428 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പട്ടയമേളയിൽ 150 സാധാരണ പട്ടയങ്ങള്‍, 245 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 32 ദേവസ്വം പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്തു. ചേര്‍ത്തല താലൂക്കില്‍ 144, അമ്പലപ്പുഴ 99, കുട്ടനാട് 86, കാര്‍ത്തികപ്പള്ളി 43, മാവേലിക്കര ഏഴ്, ചെങ്ങന്നൂര്‍ 16 എന്നിങ്ങനെ പട്ടയങ്ങളുടെ വിതരണം മന്ത്രി നിർവഹിച്ചു.

ജില്ലയിലെ രണ്ട് ആര്‍.ഡി.ഒ. ഓഫീസുകള്‍, ആറ് താലൂക്ക് ഓഫീസുകള്‍, 93 വില്ലേജ് ഓഫീസുകള്‍, 15 സ്‌പെഷ്യല്‍ ഓഫീസുകള്‍ എന്നിവ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. ഇതോടെ റവന്യൂ വകുപ്പിന് കീഴിലുള്ള 117 ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറി. 

ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ് അധ്യക്ഷനായി. കൊക്കോതമംഗലത്തെ റവന്യൂ പരാതികൾ പരിഹരിക്കുന്നതിനും സർവേ നടപടികൾക്കുമായി അഞ്ച് സർവയർമാരെ അധികമായി നിയമിക്കാൻ റവന്യൂ മന്ത്രി തയ്യാറായിട്ടുണ്ടെന്നും ഇതിലൂടെ ഇവിടുത്തെ ഭൂപ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണാൻ കഴിയുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. രണ്ടു വർഷത്തിനിടെ 1.23 ലക്ഷം പട്ടയങ്ങൾ നൽകി സർവകാല റെക്കോർഡ് സൃഷ്ടിച്ച സർക്കാരിണിതെന്നും  മന്ത്രി പറഞ്ഞു.

ചടങ്ങിൽ എ. എം. ആരിഫ് എം.പി, എം.എൽ.എ.മാരായ ദലീമ ജോജോ, എച്ച്. സലാം, തോമസ് കെ. തോമസ്, ജില്ല കളക്ടർ ഹരിത വി. കുമാർ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ,  ചേർത്തല നഗരസഭ വൈസ് ചെയർമാൻ ടി. എസ്. അജയകുമാർ,വാർഡ് കൗൺസിലർ എ. അജി,
എ.ഡി.എം. എസ്. സന്തോഷ് കുമാർ,
ആർ.ഡി.ഒ. എസ്.സുമ, എൽ. എ. ഡെപ്യൂട്ടി കളക്ടർ ജെ. മോബി വിവിധ
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date