Skip to main content
30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

30 വർഷത്തെ കാത്തിരിപ്പിന് വിരാമം: പുളിമൂട്ടിൽ കോളനിയിലെ എട്ടു കുടുംബങ്ങളുടെ ഭൂമിക്ക് രേഖയായി

ആലപ്പുഴ: 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരിൽ ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തണ്ണീർമുക്കം തെക്ക് വില്ലേജിലെ പുളിമൂട്ടിൽ കോളനി നിവാസികൾ. ഭർത്താവ് മരണപ്പെട്ട മൂന്ന് പേരുൾപ്പടെ എട്ട് കുടുംബങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിലൂടെ പട്ടയം കിട്ടിയത്. 

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരാണ് പുളിമൂട്ടിൽ കോളനിയിലെ ഈ എട്ടു കുടുംബങ്ങളും. 
ഓട് മേഞ്ഞതും ഷീറ്റിട്ടതുമായ വീടുകളാണ്. വർഷങ്ങളുടെ പഴക്കം കാരണം വീടുകൾക്ക് ക്ഷയം സംഭവിച്ചിട്ടുണ്ട്.  എന്നാൽ ഭൂമിക്ക് രേഖയില്ലാത്തതിനാൽ വീട് പുതുക്കി പണിയുന്നതിന് ഉൾപ്പടെ യാതൊരു സർക്കാർ സഹായങ്ങളും ബാങ്ക് വായ്പയും ലഭിച്ചിരുന്നില്ല. പട്ടയം ലഭിക്കുന്നതോടെ സ്ഥലത്തിന്റെ പേരിൽ ഏറെ നാളായി അനുഭവിക്കുന്ന ആശങ്കകൾ നീങ്ങുന്നതിനൊപ്പം അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കാനാകും. താമസിക്കുന്ന ഭൂമിക്ക് രേഖകൾ ലഭിച്ച സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് വേദിയിൽ നിന്നും ഇവർ മടങ്ങിയത്.

date