Skip to main content

റവന്യൂ ഇ-സാക്ഷരതാ പദ്ധതി നവംബർ ഒന്നിന് തുടങ്ങും- മന്ത്രി കെ രാജൻ

ആലപ്പുഴ : ഒരുവീട്ടിൽ ഒരാൾക്കെങ്കിലും റവന്യൂ സേവനങ്ങൾ ഡിജിറ്റലായി നേടാനുള്ള അറിവ് നൽകുന്ന ‘റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് 2023 നവംബർ ഒന്നു മുതൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍.  റവന്യൂ വകുപ്പ് ഇ ഓഫീസ് സേവനത്തിലേക്ക് മാറുന്നതോടെ അവ പ്രയോജനപ്പെടുത്താനുള്ള  അറിവ് ജനങ്ങൾക്ക് നൽകുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ജനകീയ സമിതികൾ, എൻ.എസ്.എസ്, എൻ.സി.സി വിദ്യാർത്ഥികൾ, എന്നിവരുടെ സഹായത്തോടെ ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ഇ സാക്ഷരത നൽകി റവന്യൂ സേവനങ്ങൾ വീട്ടിലിരുന്ന് പ്രയോജനപ്പെടുത്താനുള്ള അത്യാധുനിക സൗകര്യത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പള്ളിപ്പുറം സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

തൈക്കാട്ടുശ്ശേരി വില്ലേജ് ഓഫീസ് സ്മാർട്ട് ഓഫീസ് ആക്കി പുതുക്കി പണിയുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.  

റവന്യൂ വകുപ്പിന്റെ പൂമുഖ പടിവാതിലാണ് വില്ലേജ് ഓഫീസ്‌.   അതുകൊണ്ടുതന്നെ അഴിമതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച ചേരുന്ന വില്ലേജ് തല ജനകീയ സമിതികൾ എന്ന ആശയം അഴിമതിക്കെതിരെ പോരാടാൻ സഹായിക്കുന്ന കേന്ദ്രമായി ഇന്ന് മാറിക്കഴിഞ്ഞു. വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മന്ത്രിയുടെ മുന്നിൽ നേരിട്ട് അറിയിക്കാൻ ഈ വില്ലേജ് തല ജനകീയ സമിതികൾക്കാകുമെന്നും ജനങ്ങൾ ഈ ആശയം കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും  മന്ത്രി പറഞ്ഞു. 

ഉദ്ഘാടന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍, തൈക്കാട്ടൂശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ്, എ.ഡി.എം എസ് സന്തോഷ് കുമാര്‍, തഹസില്‍ദാര്‍ കെ.ആര്‍. മനോജ്, വില്ലേജ് ഓഫീസർ ബി. ഷെറിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ബൈജു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date