Skip to main content

ജില്ലയിലെ 88 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം

കോട്ടയം: ജില്ലയിലെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഈ സാമ്പത്തിക വർഷത്തെ പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതി അംഗീകാരത്തിനായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
 കോട്ടയം നഗരസഭ ഒഴികെയുളള എല്ലാ  തദ്ദേശഭരണസ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതിക്ക് ഇതോടെ അംഗീകാരമായി. വാർഷിക പദ്ധതി അംഗീകാരത്തിനായി സമർപ്പിക്കാത്ത കോട്ടയം നഗരസഭയോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്ലിക്കേഷൻ, എം.സി.എഫുകളുടെ സ്ഥാപനം എന്നീ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കി വരുന്നതായി യോഗം വിലയിരുത്തി. ഹരിതകർമ്മസേന- യൂസർഫ്രീ കളക്ഷൻ 100 ശതമാനമാക്കാനുള്ള പ്രവർത്തനങ്ങൾ വാർഡംഗങ്ങളുടെ നേതൃത്വത്തിൽ നടത്താനുളള നടപടികൾ യോഗം തയാറാക്കി.
ജൂലൈ രണ്ടാം വാരം മുതൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ-മാലിന്യ സംസ്‌കരണം ഉൾപ്പെടെയുള്ള പദ്ധതി പുരോഗതി പ്രവർത്തനങ്ങൾ  വിലയിരുത്താൻ ബ്ലോക്കുതല യോഗങ്ങൾ ചേരാൻ നിർദ്ദേശം നൽകി. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും തെരുവുനായ്ക്കളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രതിരോധ കുത്തിവയ്പ്പിനുളള നടപടി അടിയന്തരമായി സ്വീകരിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് യോഗം നിർദ്ദേശം നൽകി. വീട്ടിൽ വളർത്തുന്ന നായ്ക്കളെ ബ്രീഡ് ചെയ്യാനായി വളർത്തുന്നവയാണെങ്കിൽ ഇതിനുളള രജിസ്ട്രേഷൻ അംഗികൃത ഏജൻസികളിൽ നിന്നു വാങ്ങേണ്ടതാണ്. അല്ലാത്ത നായ്ക്കളെ എബിസി ചെയ്യുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും വളർത്തുനായ്ക്കൾക്കുളള ലൈസൻസ് എടുക്കുന്നുണ്ടെന്ന് തദ്ദേശഭരണ സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും യോഗം നിർദ്ദേശിച്ചു. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകും.
ജില്ലാ ആസൂത്രണ സമിതിയംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ,               രാജേഷ് വാളിപ്ലാക്കൽ, ജോസ്‌മോൻ മുണ്ടയ്ക്കൽ, സുധാ കുര്യൻ, മഞ്ജു സുജിത്, പി.ആർ. അനുപമ, സർക്കാർ പ്രതിനിധി കെ. രാജേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, തദ്ദേശഭരണ സ്ഥാപന അധ്യക്ഷർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date