Skip to main content

മികവിന്റെ കേന്ദ്രമാകാൻ കാഴ്ചപരിമിതർക്കായുള്ള ഒളശ സർക്കാർ ഹൈസ്‌കൂൾ; പ്രഖ്യാപനം നാലിന്

കോട്ടയം: മികവിന്റെ കേന്ദ്രമാകാൻ കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂൾ. ഔദ്യോഗിക പ്രഖ്യാപനം ജൂലൈ നാലിന്  രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം. പി. മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ആമുഖ പ്രഭാഷണം നടത്തും.

2022-23 അധ്യയനവർഷത്തിൽ എസ്. എസ്.എൽ. സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും. സ്‌കൂളിന്റെ 2023-24 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാനിന്റെ സമർപ്പണവും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കുട്ടികൾക്കായി സ്‌പോൺസർ ചെയ്ത ഇലക്ട്രോണിക് ടൂത്ത് ബ്രഷിന്റെ വിതരണവും ഇതോടൊപ്പം നടക്കും.

ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനു ശിവപ്രസാദ്, സുനിത അഭിഷേക്, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ് എസ്. ശ്രീകുമാർ, പ്രഥമ അധ്യാപകൻ ഇ.ജെ. കുര്യൻ, ഗ്രേസ് ഹോസ്പിറ്റൽ ഡോക്ടർ ഡോ. കുമാർ, ഐ.ഡി.എ. പ്രസിഡന്റ് ഡോ. വിഷി ടോം തോമസ്, പി.ടി.എ. പ്രസിഡന്റ് പി. ജയകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. ശ്രീലതകുമാരി, കേരള പോലീസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് ബിനു കെ. ഭാസ്‌കർ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി വി. ആർ. ഹരിദാസ്  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് അയ്മനം മെലഡി വോയിസും കുട്ടികളും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

date