Skip to main content

ഡിജിറ്റല്‍ റീസര്‍വ്വെ 11,000 ഹെക്ടര്‍  പൂര്‍ത്തിയാക്കി

ജില്ലയില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള ഡിജിറ്റല്‍ സർവ്വെ  പ്രവര്‍ത്തനം പുരോഗമിക്കുന്നു. ആകെ 11000 ഹെക്ടര്‍ ഡിജിറ്റല്‍ സർവ്വെ ജില്ലയില്‍ പൂര്‍ത്തീകരിച്ചു. തലശ്ശേരി താലൂക്കിലെ തലശ്ശേരി, കോട്ടയം വില്ലേജുകളും കണ്ണൂര്‍ താലൂക്കിലെ വളപട്ടണം, പുഴാതി, പള്ളിക്കുന്ന്, അഴീക്കോട് സൗത്ത്, കണ്ണൂര്‍-1, കണ്ണൂര്‍-2, എളയാവൂര്‍ എന്നീ വില്ലേജുകളും, ഇരിട്ടി താലൂക്കിലെ ആറളം, ചാവശ്ശേരി, കണിച്ചാര്‍, വിളമന, കരിക്കോട്ടക്കരി എന്നീ വില്ലേജുകളും ഉള്‍പ്പെടെ 14 വില്ലേജുകളാണ് ഒന്നാം ഘട്ട ഡിജിറ്റല്‍ സർവ്വെയ്ക്ക് തെരെഞ്ഞെടുത്തത്. ഇതില്‍ അഴീക്കോട് വില്ലേജിന്റെ ഡിജിറ്റല്‍ സർവ്വെ നടപടികള്‍ പൂര്‍ത്തിയാക്കി. തലശ്ശേരി, കോട്ടയം, വളപട്ടണം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂര്‍-2, കണിച്ചാര്‍, കരിക്കോട്ടക്കരി എന്നീ വില്ലേജുകളുടെ ഫീല്‍ഡ് ജോലി അന്തിമ ഘട്ടത്തിലാണ്. കോര്‍സ്, അത്യാധുനിക സര്‍വ്വെ ഉപകരണങ്ങളായ ഡ്രോണ്‍, ആര്‍ടികെ, ആര്‍ടിഎസ് തുടങ്ങിയ സംവിധാനങ്ങള്‍  ഉപയോഗിച്ചാണ് ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്നത്. ജില്ലയില്‍ 4 കോര്‍സ് സ്റ്റേഷനും, 80 ആര്‍ടികെയും, 14 ആര്‍ടിഎസും ഉണ്ട്. ആധുനിക സർവ്വെ  ഉപകരണങ്ങളില്‍ മുഴുവന്‍  ജീവനക്കാര്‍ക്കും പരിശീലനവും നല്‍കി. മികച്ച രീതിയിലുള്ള സർവ്വെ  പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നത്. റീസർവ്വെ അസിസ്റ്റന്റ് ഡയറക്റ്റർ സുനിൽ ജോസഫ്  ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ മുന്നൂറിലെപ്പേരാണ് സർവ്വെ നടത്തുന്നത്. ഡിജിറ്റല്‍ സർവ്വെ സമയബന്ധിതമായും കൃത്യമായും നടത്തുന്നതിന്  കൈവശ രേഖ ഹാജരാക്കിയും കാടുകൾ വെട്ടിത്തെളിച്ചും ഭൂഉടമകൾ സഹകരിക്കണമെന്ന് റീസർവ്വെ വിഭാഗം അഭ്യർത്ഥിച്ചു.
 

date