Skip to main content

സംരഭകത്വമേഖലയിൽ വിജയം കുറിക്കാൻ എലിക്കുളം ഹരിത കർമസേന

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിലെ മാലിന്യനിർമാർജനത്തിന് ചുക്കാൻ പിടിച്ച ഹരിതകർമസേനാംഗങ്ങൾ സംരംഭകമേഖലയിലേക്ക് കൂടി ചുവടുറപ്പിക്കുന്നു. എൽ.ഇ.ഡി ബൾബ്,  സോപ്പ്  എന്നിവയാണ് ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ നിർമിക്കുന്നത്. ഗ്രീൻലീഫ് എന്ന ബ്രാൻഡിൽ എൽ.ഇ.ഡി ബൾബും ഗ്രീൻ ഡ്രോപ്സ് എന്ന ബ്രാൻഡിൽ കുളിക്കുന്നതിനുള്ള സോപ്പുകളുമാണ് നിർമ്മിക്കുന്നത്. ഹരിത കർമ്മസേനയുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് പുതിയ സംരഭങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹരിതകർമ്മസേന കൺസോർഷ്യം സെക്രട്ടറി പി.എസ്. ഷഹന പറഞ്ഞു.

നാലുമാസം മുൻപാണ് പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്. ബൾബ് നിർമാണത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹരിതകർമസേനാംഗങ്ങൾക്ക് ഇരുപത് ദിവസത്തെ പരിശീലനം ലഭിച്ചിരുന്നു. സോപ്പ് നിർമാണത്തിൽ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിൽ (ഐ.ആർ.ടി.സി) നിന്നും പരിശീലനം ലഭിച്ചു. 16 അംഗങ്ങളാണ് ഹരിതകർമ്മസേനയിലുള്ളത്. ഉത്പന്നങ്ങൾ നിർമിക്കാനായി പഞ്ചായത്തിന്റെ എട്ടാം വാർഡിൽ പനമറ്റത്ത് കട വാടകയ്ക്കെടുത്തു. ആറുതരത്തിലുള്ള സോപ്പുകളാണ് നിർമ്മിക്കുന്നത്. മുപ്പത് രൂപയാണ് ഒരു സോപ്പിന്റെ വില. 90 രൂപയ്ക്കാണ് ബൾബ് വീടുകളിൽ നൽകുന്നത്. നിലവിൽ സോപ്പും ബൾബും വീടുകളിൽ നേരിട്ടാണ് വിറ്റഴിക്കുന്നത്.  ഉത്പാദനം വർദ്ധിപ്പിച്ച് കടകളിൽ കൂടി വിറ്റഴിക്കാനാണ് അടുത്ത ശ്രമം.
 

date