Skip to main content

കോട്ടൂർ ആയുർവേദ ആശുപത്രി കെട്ടിടവും മൃഗാശുപത്രി സബ് സെന്ററും തുറന്നു

കോട്ടൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും ഗവണ്മെന്റ് മൃഗാശുപത്രിയുടെ കോട്ടൂർ സബ് സെന്ററിന്റെയും ഉദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. എല്ലാ വിഭാഗം ജനങ്ങളിലേക്കും ക്ഷേമവും വികസനവും എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റും വനമേഖല ആയതിനാൽ അടുത്തുള്ള ആദിവാസി ഊരുകളിൽ ഉള്ളവർക്ക് ഏക ആശ്രയമായ കോട്ടൂർ ആയുർവേദ ആശുപത്രിയിൽ തുടർന്നും വികസനം സാധ്യമാകുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിച്ചത്. പേ വാർഡ് ആയി ഉപയോഗിക്കാവുന്ന രീതിയിൽ അഞ്ച് കിടക്കകൾ ഉൾപ്പെടെ മികച്ച സൗകര്യങ്ങളോട് കൂടിയാണ് വാർഡ് സജ്ജീകരിച്ചിരിക്കുന്നത്. 13 ലക്ഷം രൂപ ചെലവഴിച്ചാണ് മൃഗാശുപത്രി സബ് സെന്റർ നിർമാണം പൂർത്തിയാക്കിയത്.

ആയുർവേദ ആശുപത്രിയിൽ തന്നെ പ്രവർത്തനം തുടങ്ങുന്ന വനിതാ ക്ലിനിക്കിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. അതിന്റെ ഭാഗമായി ആയുർവേദ മരുന്നുകളുടെ സൗജന്യ വിതരണവും എം.എൽ.എ നിർവഹിച്ചു.

ആയുർവ്വേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എസ്. രതിക, ജില്ലാ പഞ്ചായത്ത്‌ അംഗം എ. മിനി, ആശുപത്രി മെഡിക്കൽ ഓഫീസർ ബെൻഷ. പി. ഷബീർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ഭാരവാഹികൾ, എച്ച് എം സി ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

date