Skip to main content
വൈക്കത്ത് എ.ബി.സി. സെന്റർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം.

വൈക്കത്തെ തെരുവുനായ ശല്യം ഒരുമിച്ച് നേരിടാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ; എ.ബി.സി. സെന്റർ തുടങ്ങും

കോട്ടയം: തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരുവുനായകളുടെ പ്രജനനം തടയുന്നതിനായി പ്രജനനനിയന്ത്രണ കേന്ദ്രം (എ.ബി.സി. സെന്റർ) വൈക്കത്ത് ആരംഭിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും വൈക്കം, കടുത്തുരുത്തി ബ്ലോക്കുപഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിൽ എ.ബി.സി സെന്റർ ആരംഭിക്കാനാണ് തീരുമാനം. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചന യോഗത്തിന്റേതാണ് തീരുമാനം. തെരുവുനായകളുടെ പ്രതിരോധ കുത്തിവയ്പ്പ് വർഷാവർഷം ഉറപ്പാക്കുന്നതും യോഗം ചർച്ചചെയ്തു. പദ്ധതിയുടെ നടത്തിപ്പിനായി ഇരു ബ്ലോക്കു പഞ്ചായത്തുകളും ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളും നഗരസഭയും തുക അനുവദിക്കും. രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾ ഏഴ് ലക്ഷം രൂപ വീതവും, 12 ഗ്രാമപഞ്ചായത്തുകൾ, മൂന്ന് ലക്ഷം രൂപ വീതവും, നഗരസഭ 10 ലക്ഷം രൂപയും പദ്ധതിക്കായി വിനിയോഗിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. പദ്ധതിക്ക് അധികമായി ആവശ്യം വരുന്ന തുക തദ്ദേശസ്ഥാപനങ്ങൾ തന്നെ കണ്ടെത്തും. എ.ബി.സി സെന്ററിനുള്ള കെട്ടിടം നിർമിക്കുന്നതിനായി സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകും. ശസ്ത്രക്രിയയ്ക്ക് ശേഷം നായകളെ ചികിത്സ നൽകി പരിപാലിക്കുന്ന കൂടുകളും നിർമിക്കും. എ.ബി.സി സെന്ററിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള ശമ്പളം ജില്ലാ പഞ്ചായത്ത് അനുവദിക്കുന്നതും യോഗം ചർച്ച ചെയ്തു. എ.ബി.സി സെന്ററിലൂടെ വന്ധീകരിച്ചതിന് ശേഷം നായകൾക്ക് പരിശീലനം നൽകി ദത്തെടുത്ത് വളർത്താൻ താൽപര്യമുള്ളവർക്ക് നൽകും. ഗ്രാമപഞ്ചായത്ത്, നഗരസഭ പരിധിയിലെ വളർത്തു നായകൾക്ക് ലൈസൻസ് ഉറപ്പാക്കും. യോഗത്തിൽ നഗരസഭാധ്യക്ഷ രാധികാ ശ്യാം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. എൻ. ജയദേവൻ, പ്ലാനിങ് റിസർച്ച് ഓഫീസർ ടോം ജോസ്, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

.

date