Skip to main content
കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിൽ  നിർമ്മാണത്തിന് തടസ്സം നിന്ന സ്വകാര്യവ്യക്തികളുടെ വഴി സംബന്ധിച്ച വിഷയം പരിഹരിച്ചു

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം : സ്വകാര്യ വ്യക്തികളുടെ വഴി സംബന്ധിച്ച വിഷയം പരിഹരിച്ചു

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിൽ  നിർമ്മാണത്തിന് തടസ്സം നിന്ന സ്വകാര്യവ്യക്തികളുടെ വഴി സംബന്ധിച്ച വിഷയം പരിഹരിച്ചു. എ സി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ കലക്ടർ വി ആർ കൃഷ്ണതേജയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് പരിഹാരം.സ്വകാര്യ വ്യക്തിക്ക് ആവശ്യമായ വഴി ഒരു വശത്തേക്ക് മാറ്റി നൽകാൻ യോഗത്തിൽ തീരുമാനമായി. താലൂക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി കോമ്പൗണ്ടിലെ മരങ്ങൾ മുറിക്കുന്നതിനുള്ള ലേല നടപടികൾ ആരംഭിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

കെട്ടിടനിർമാണ സ്ഥലത്തിനു മുന്നിലുള്ള കരിങ്കൽ കൊത്തുപണിക്കാർക്ക് മുൻ നിശ്ചയിച്ച പ്രകാരം അവരുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും  വിൽപ്പന നടത്തുന്നതിനും സൗകര്യമൊരുക്കും. ഇതിനായി പ്രദേശത്തെ വടക്ക് വശത്ത് കരിങ്കൽ കൊത്ത് പണി നടത്തുന്ന പതിമൂന്ന് കുടുംബങ്ങൾക്ക് മുറികൾ വാടകയ്ക്ക് നൽകും.
 
സമീപത്ത് ടേക്ക് എ ബ്രേക്ക് നിർമ്മിക്കുന്നതിന്  മൂന്ന് സെന്റ് സ്ഥലം വിട്ടുനൽകാൻ മുനിസിപ്പാലിറ്റിക്ക് അനുവാദ പത്രിക നൽകുന്ന വിഷയം യോഗം ചർച്ച ചെയ്തു. കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറയിലാണ് കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുക.

കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, എഡിഎം ടി മുരളി, കുന്നംകുളം താലൂക്ക്  തഹസിൽദാർ ഒ ബി ഹേമ, എക്സി.എഞ്ചിനീയർ ബിജി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date