Skip to main content

എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് 22 നു സ്‌പീക്കർ സമ്മാനിക്കും; അഞ്ഞൂറോളം പേർക്ക് പുരസ്‌കാരം  

 

വൈപ്പിൻ: കെ.എൻ ഉണ്ണിക്കൃഷ്ണൻ  എം.എൽ.എ ആവിഷ്‌കരിച്ച വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് ഈ മാസം 22നു സമ്മാനിക്കും. വൈകുന്നേരം മൂന്നിന് ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുമോദന സമ്മേളനം നിയമസഭ സ്‌പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കെ. എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.

പത്ത്, പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസോടെ ഇക്കൊല്ലം ഉന്നത വിജയം നേടിയ കുട്ടികളെയാണ് എം.എൽ.എയുടെ വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കുന്നത്. മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിച്ചവർക്കുപുറമെ മറ്റു മണ്ഡലങ്ങളിലെ സ്‌കൂളുകളിൽ പഠനം നടത്തിയ വൈപ്പിൻ സ്വദേശികളായ വിദ്യാർത്ഥികൾക്കും അവാർഡ് സമ്മാനിക്കും. ഇതിനകം അഞ്ഞൂറോളം കുട്ടികൾ അവാർഡിന് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഈ മാസം 20നു വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടാകും. സർട്ടിഫിക്കറ്റിന്റെ പകർപ്പും മറ്റു രേഖകളും ഓച്ചന്തുരുത്ത് കമ്പനിപ്പീടികയിലുള്ള എം.എൽ.എ ഓഫീസിൽ  എത്തിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 99958 29545, 94464 67435.  ഇമെയിൽ: knunnikrishnan2021@gmail.com

ഭരണഘടന നിർമ്മാണ സഭയിലെ ഏക ദളിത് വനിത ദാക്ഷായണി വേലായുധന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങളും സമ്മേളനത്തിൽ സമർപ്പിക്കും.ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, ഹൈബി ഈഡൻ എം.പി, മുൻ എം.എൽ.എ എം. എം മോനായി, ഡി.ഡി.ഇ ഹണി ജി. അലക്‌സാണ്ടർ,ജില്ല പട്ടിക ജാതി വികസന ഓഫീസർ കെ.സന്ധ്യ, റോട്ടറി ഡിസ്‌ട്രിക്‌ട് ഗവർണർ ടി.ആർ വിജയകുമാർ എന്നിവർ വിശിഷ്‌ടാതിഥികളാകും. 

റോട്ടറി മുൻ ഗവർണർ എസ്. രാജ്‌മോഹൻ നായർ, ഐ.എസ്.എസ്‌.ഡി സി.ഇ.ഒ എം.വി തോമസ്, പ്രചോദക പ്രഭാഷകൻ ഡോ. ആഷിക്ക്, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, പറവൂർ നഗരസഭാംഗം കെ.ജെ ഷൈൻ ടീച്ചർ, വ്യാപാര വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി സി.കെ ജലീൽ, റോട്ടറി ഡിസ്‌ട്രിക്‌ട് ഡയറക്‌ടർ പി.എസ് അരവിന്ദ്, എടവനക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ ജോസഫ്, ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, കർത്തേടം റൂറൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് സി.എക്‌സ് ആൽബർട്ട്, സംഘാടക സമിതി ചെയർമാൻ എ.പി പ്രനിൽ, കൺവീനർ എം.പി പ്രശോഭ് എന്നിവർ പ്രസംഗിക്കും.

date