Skip to main content

കുന്നത്തുനാട്ടിൽ സ്ലേറ്റ് പദ്ധതി യാഥാർത്ഥ്യമാകുന്നു  ജൂലൈ 21 ന് (വെള്ളിയാഴ്ച) നിയമസഭാ സ്പീക്കർ ഉദ്ഘാടനം ചെയ്യും 

 

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പി .വി. ശ്രീനിജിൻ എം എൽ എ യുടെ വിദ്യാജ്യോതി പദ്ധതിയും എറണാകുളം സെന്റ് തെരേസാസ് കോളേജും സംയുക്തമായി  നടപ്പാക്കുന്ന സ്ലേറ്റ് പദ്ധതി യാഥാർത്ഥ്യമാകുന്നു. കൊച്ചിൻ റിഫൈനറിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 21ന് (വെള്ളിയാഴ്ച്ച) രാവിലെ 11 ന് നടക്കും. കടയിരുപ്പ് ഗവ.എ ച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ   നിർവഹിക്കും. പി.വി.ശ്രീനിജിൻ എം.എൽ.എ.അധ്യക്ഷത വഹിക്കും. ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ്രാജ് സിങ്ങ് ഭണ്ഡാരി മുഖ്യാതിഥിയാകും.  സെൻ്റ് തെരേസാസ് കോളേജ് മാനേജർ റവ.ഡോ.സി.വിനീത പദ്ധതി വിശദീകരണം നടത്തും.

നിയോജക മണ്ഡലത്തിലെ 21 സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ്  സ്ലേറ്റ് (സസ്റ്റെയിനബിലിറ്റി ലീഡർഷിപ് ആൻഡ് ഏജൻസീ ത്രൂ എജ്യൂക്കേഷൻ) പദ്ധതി നടപ്പാക്കുന്നത്. 11,000 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സുസ്ഥിര വിദ്യാഭ്യാസത്തിന് ഐക്യരാഷ്ട്ര സഭ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളിൽ സമഭാവനയും സഹാനുഭൂതിയും വളർത്തുക, ഭരണഘടനാപരവും ധാർമികവുമായ കടമകളെയും അവകാശങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുക, ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരാക്കുക, കളികളിലൂടെയുള്ള ഗണിത പഠനം സാധ്യമാക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.  മത്സര പരീക്ഷകൾക്കടക്കം കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിലായിരിക്കും പദ്ധതിയുടെ നടത്തിപ്പെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു.

date