Skip to main content

ആർടിഎ യോഗം സ്വകാര്യ ബസ് പെർമിറ്റ് മറിച്ച് വിൽക്കുന്ന ലോബിക്കെതിരെ നടപടി: കലക്ടർ

പുതുതായി സ്വകാര്യ ബസ് റൂട്ടുകൾക്കുള്ള പെർമിറ്റ് നേടി അത് മറിച്ച് വിൽക്കുന്ന ലോബി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ. ജില്ലാ റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിലാണ് ആർ ടി എ ചെയർമാൻ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പെർമിറ്റ് നേടി അത് വൻ വിലക്ക്് മറിച്ച് വിൽക്കുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകും. കൂടുതൽ സർവ്വീസുകളുള്ള റൂട്ടുകളിൽ പുതിയ പെർമിറ്റ് അനുവദിക്കുന്നതിന് നിയന്ത്രണമുണ്ടാകും. മത്സരയോട്ടവും അതുവഴിയുള്ള അപകടങ്ങളും ഒഴിവാക്കാനാണ് ഈ തീരുമാനം. കൂടുതൽ സർവ്വീസ് അനുവദിച്ച് ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലയിലെയും യാത്രാക്ലേശം പരിഹരിക്കുമെന്നും കലക്ടർ പറഞ്ഞു. ഉൾപ്രദേശങ്ങളിലേക്കുള്ള പെർമിറ്റ് ഉപയോഗിച്ച് ഹൈവേയിലൂടെ മാത്രം സർവ്വീസ് നടത്തുന്ന ബസുകളെ പൊലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത പറഞ്ഞു.
ബസുകൾക്കും ഓട്ടോറിക്ഷകൾക്കും പുതിയ പെർമിറ്റ് അനുവദിക്കൽ, ടൈമിങ്ങ്, പെർമിറ്റ് ട്രാൻസ്ഫർ, പെർമിറ്റ് പുതുക്കൽ തുടങ്ങിയ 190 പരാതികളും അപേക്ഷകളുമാണ് പരിഗണിച്ചത്.
കണ്ണൂർ ശിക്ഷക് സദൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ രാജീവ്, ആർ ടി ഒ ഇ എസ് ഉണ്ണികൃഷ്ണൻ, ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

date