Skip to main content
ഇരുന്നൂറ് വയസ് പ്രായം തികഞ്ഞ മുത്തശ്ശി മരത്തിന് എളവള്ളി ഗ്രാമപഞ്ചായത്ത് പൊന്നാട അണിയിച്ച് ആദരിച്ചു

ഇരുന്നൂറ് തികഞ്ഞ മരമുത്തശ്ശിയെ ആദരിച്ചു

ഇരുന്നൂറ് വയസ് പ്രായം തികഞ്ഞ മുത്തശ്ശി മരത്തിന് എളവള്ളി ഗ്രാമപഞ്ചായത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. എളവള്ളി ചേലൂർ ഏറത്ത് കുമാരൻ്റെ കൃഷിയിടത്തിലെ പ്ലാവിനെയാണ് പ്രകൃതിയെ സംരക്ഷിക്കുന്നതിന് പ്രചോദനമായി പഞ്ചായത്ത് പൊന്നാട ചാർത്തിയത്.
ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ നൂറ് വർഷം തികഞ്ഞ മരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ സർവ്വേയുടെ ഭാഗമായാണ് ഇരുന്നൂറ് വർഷമായ പ്ലാവ് കണ്ടെത്തിയത്.
പുതുതലമുറകൾക്ക് പ്ലാവിൻ്റെ പ്രത്യേകതകളും ഗുണങ്ങളും മനസ്സിലാക്കുന്നതിനും എളവള്ളിയെ പ്ലാവ് ഗ്രാമമാക്കുന്ന പ്രവർത്തനങ്ങൾക്കും പഞ്ചായത്ത് നേതൃത്വം കൊടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം 2000 പ്ലാവിൻ തൈകൾ വിതരണം ചെയ്തിരുന്നു. ഈ വർഷം 4000 തൈകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്.
എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് പൊന്നാട അണിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി സി മോഹനൻ അദ്ധ്യക്ഷനായി.
ജൈവവൈവിധ്യ പരിപാലന കമ്മിറ്റി കൺവീനർ സി ടി ജാൻസി കമ്മിറ്റി അംഗങ്ങളായ ആഷിക് വലിയകത്ത്, കെ എ പ്രേമൻ, കെ പി രാജു, സരസ്വതി അജയൻ,എം ജി പ്രശാന്തി, ടി ഡി സുനിൽ, ഇ എ കുമാരൻ എന്നിവർ പങ്കെടുത്തു.

date