Skip to main content

സംരംഭക വർഷം 2.0; എല്ലാ തദ്ദേശ ഭരണ സ്ഥാപനത്തിലും എക്‌സിക്യൂട്ടീവ്മാർ 

ആലപ്പുഴ: ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള കഴിഞ്ഞ വർഷത്തെ പദ്ധതിയുടെ തുടർച്ചയായി ഈ വർഷവും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 72 പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമായി 86 എന്റർപ്രൈസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവുമാരെയും നിയോഗിച്ചു. ഓരോ തദ്ദേശസ്വയംഭരണ പ്രദേശത്തിന്റെയും പ്രത്യേകയനുസരിച്ച് പുതിയ സംരംഭങ്ങൾക്കുള്ള ആശയങ്ങൾ നൽകുക, സംരംഭകത്വത്തെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുക, സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുക തുടങ്ങി സംരംഭം തുടങ്ങുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും സഹായികളായി എന്റർപ്രൈസസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവുമാർ ഉണ്ടാകും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ച് വിവിധ സ്‌കീമുകളെക്കുറിച്ച് വിശദീകരിക്കും.  സംരംഭകരാകാൻ സന്നദ്ധരാകുന്നവർക്ക് ലോൺ, സബ്‌സിഡി മേളകൾ നടത്തി സഹായ സഹകരണങ്ങൾ ഉറപ്പാക്കും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌കും പ്രവർത്തിക്കും.

ഒരു വർഷം കൊണ്ട് സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷം ജില്ലയിൽ 9953 പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും 527.57 കോടി രൂപയുടെ നിക്ഷേപവും 21213 പേർക്ക് തൊഴിലവസരവും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം 2023-24 സാമ്പത്തിക വർഷം സംരംഭക വർഷം 2.0 നടപ്പാക്കുകയാണ്. ഇതുവരെ 350 പുതിയ സംരംഭങ്ങളാണ് ജില്ലയിൽ ആരംഭിച്ചത്.

date