Skip to main content

ജീവിതശൈലീ രോഗ നിയന്ത്രണം;'മുറ്റത്തെത്തും ആരോഗ്യം' ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

ആലപ്പുഴ: ജീവിതശൈലി രോഗ നിയന്ത്രണത്തിനായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ
'മുറ്റത്തെത്തും ആരോഗ്യം' എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിക്കും.  ക്യാമ്പയിൻ നടപ്പിലാക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ സഹകരണം ഏകോപിപ്പിക്കുന്നതിനായി എ.ഡി.എം. എസ്. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ഇന്റർ സെക്‌ടറൽ യോഗം ചേർന്നു. 

ക്യാമ്പയിൻ ലോഗോ പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പ്രകാശനം ചെയ്തു.  ജനറൽ ആശുപത്രി നെഫ്രോളജിസ്റ്റ് ഡോ. ഷബിർ മുഹമ്മദ് തയ്യാറാക്കിയ 'ആശ്വാസ തണൽ' പെരിറ്റോണിയൽ ഡയാലിസിസുമായി ബന്ധപ്പെട്ട വീഡിയോയുടെ പ്രകാശനവും നടന്നു. ചടങ്ങിൽ ജീവിതശൈലി രോഗ നിയന്ത്രണ നോഡൽ ഓഫീസർ ഡോ.അനു വർഗീസ് വിഷയം അവതരിപ്പിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് 30 വയസ്സിന് മുകളിലുള്ള എല്ലാവരിലും ജീവിത ശൈലീ രോഗ നിർണ്ണയ പരിശോധന ശക്തിപ്പെടുത്തുക, അവബോധം സൃഷ്ടിക്കുക, ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിന് ആവശ്യമായ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് മുറ്റത്തെത്തും ആരോഗ്യം ക്യാമ്പയിലൂടെ നടപ്പാക്കുക.

ഇതിനായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ആഴ്ചതോറും രോഗ നിർണ്ണയ ക്ലിനിക്കുകൾ, വ്യാഴാഴ്ചകളിൽ എൻ.സി.ഡി. ക്ലിനിക്കുകൾ വഴി 30 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ, ഭവന സന്ദർശനത്തിലൂടെ രോഗ നിർണ്ണയം, നാട്ടു നടത്തം, ചെറിയ ഗ്രൂപ്പുകളായുള്ള വ്യായാമ കൂട്ടായ്മ തുടങ്ങി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യും.

date