Skip to main content

ജനങ്ങളെ സഹായിക്കാൻ സഹകരണമേഖലയ്ക്ക് കഴിയണം: സ്പീക്കർ എ.എൻ ഷംസീർ

*ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കുളപ്പട ശാഖയ്ക്ക് പുതിയ കെട്ടിടം

അരുവിക്കര നിയോജക മണ്ഡലത്തിലെ ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കുളപ്പട ശാഖക്കായി ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. സഹകരണ ബാങ്കുകളുടെ സജീവ സാന്നിധ്യമാണ് കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നതെന്നും സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുന്നതെന്നും സ്പീക്കർ പറഞ്ഞു. സഹകരണ ബാങ്കുകൾ വൈവിധ്യവത്കരണത്തിന്റെ പാതയിലാണ്. ആരോഗ്യ, വിദ്യാഭ്യാസ, ഐ.ടി മേഖലകളിലുൾപ്പെടെ സഹകരണബാങ്കുകൾ ഇടപെടലുകൾ നടത്തുന്നുണ്ട്. സഹകരണമേഖല ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്നും നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സഹായിക്കാനും സഹകരിക്കാനും സഹകരണമേഖലയ്ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1966ൽ പ്രവർത്തനം ആരംഭിച്ച ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡ് ബാങ്കായിട്ടാണ് പ്രവർത്തിക്കുന്നത്. കുളപ്പട ഉൾപ്പെടെ മൂന്ന് ശാഖകളാണ് ബാങ്കിനുള്ളത്.  

ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. കുളപ്പട ശാഖയിലെ സ്‌ട്രോങ് റൂം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ 2021-22, 2022-23 അധ്യയന വർഷങ്ങളിലെ എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡുകൾ ഡെപ്യൂട്ടി സ്പീക്കറും ജി.സ്റ്റീഫൻ എം.എൽ.എയും വിതരണം ചെയ്തു.

ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത.എസ്, ജില്ലാ പഞ്ചായത്തംഗം എ. മിനി, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉഴമലയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

date