Skip to main content

45 ലക്ഷം രൂപ അനുവദിച്ചു; കാമ്പിള്ളി റോഡ് മാർച്ചിൽ യാഥാർത്ഥ്യമാകും

മുപ്പത്തടം എരമം പ്രദേശവാസികളുടെ സ്വപ്നപദ്ധതി പൂവണിയുന്നു. കാമ്പിള്ളി റോഡ് മാർച്ചിൽ യാഥാർത്ഥ്യമാകും. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എം.എൽ.എ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു. 

6 മീറ്റർ വീതിയിലും 200 മീറ്റർ നീളത്തിലുമാണ് റോഡ് നിർമ്മിക്കുന്നത്. കടുങ്ങല്ലൂർ പഞ്ചായത്തിലെ 17, 19, 20 വാർഡുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. എടയാറ്റുചാൽ പാടശേഖരത്തിന് കുറുകെയുള്ള റോഡിന് നിലവിൽ മൂന്ന് മീറ്ററാണ് വീതി.

കാമ്പിള്ളി റോഡ് നിർമ്മാണത്തിനായി മുൻ എം.എൽ.എ വി.കെ ഇബ്രാഹിം കുഞ്ഞ് അനുവദിച്ച ഫണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചതിനെ തുടർന്നാണ് ശേഷിക്കുന്ന നിർമ്മാണം പൂർത്തീകരിക്കുന്നതിനായി നിലവിലെ എം.എൽ.എ പി രാജീവ് എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിച്ചത്. പിഡബ്ല്യുഡിയുടെ നേതൃത്വത്തിലാണ് റോഡ് നിർമ്മിക്കുന്നത്.

ടെൻഡർ നടപടികൾ എത്രയും വേഗം മുന്നോട്ടുകൊണ്ടുപോകുമെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എ അബൂബക്കർ പറഞ്ഞു.

date