Skip to main content

ഇടുക്കി മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഉടന്‍

 

ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച  നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ അവസാന വാരം നടത്തുവാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. അത്യാഹിത വിഭാഗം , മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍ , മെഡിസിന്‍ വാര്‍ഡ് , ഐ സി യു എന്നിവ പുതുതായി സജ്ജീകരിച്ച ബ്ലോക്കിലാകും ഇനി പ്രവര്‍ത്തിക്കുക. നഴ്‌സിംഗ് കോളേജിലേക്കുള്ള പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന   നവീകരണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി . ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ വിദ്യാര്‍ഥികള്‍ക്കായി തുറന്ന് നല്‍കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മാണപ്രവൃത്തികളുടെ വേഗം കൂട്ടാന്‍ മന്ത്രി യോഗത്തില്‍ കിറ്റ്‌കോക്ക് നിര്‍ദേശം നല്‍കി . ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഗേള്‍സ് ഹോസ്റ്റലിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് കിറ്റ്‌കോ പ്രതിനിധി യോഗത്തെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് താത്കാലിക താമസ സംവിധാനം ഒരുക്കുന്നതിനും വികസന സമിതിയോഗം തീരുമാനിച്ചു.

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്,  ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് കെ ടി ബിനു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ ബാലകൃഷ്ണന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date