Skip to main content
ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി സായ് ബ്രണ്ണൻ സിന്തറ്റിക്ക് ട്രാക്ക് മുഖ്യന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാർഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുള്ള ഇടമായി കോളേജുകൾ മാറി: മുഖ്യമന്ത്രി

 

കേവലം വിജ്ഞാന വിതരണ കേന്ദ്രങ്ങൾ എന്നതിൽ നിന്ന് മാറി വിദ്യാർഥികളുടെ ബഹുമുഖ കഴിവുകളെ വികസിപ്പിക്കാനുള്ള ഇടമായി കോളേജുകൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി  ഗവ. ബ്രണ്ണൻ കോളേജിൽ നിർമ്മിച്ച സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏതെങ്കിലും പ്രത്യേക ജ്ഞാന ശാഖയെ മാത്രം പരിചയപ്പെട്ട് രൂപപ്പെട്ട് വരുന്ന സമൂഹം എന്നതിനപ്പുറം എല്ലാ ജ്ഞാന ശാഖകളിലും അറിവും നൈപുണ്യവുമുള്ള വ്യക്തികളുൾപ്പെടുന്ന സമൂഹമാണ് ഉണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള ജ്ഞാന വൈവിധ്യമുള്ള സമൂഹ സൃഷ്ടിയാണ് ഉന്നത വിദ്യാഭ്യാസത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ശാസ്ത്രം, മാനവിക വിഷയങ്ങളിലും കലാ-കായിക രംഗങ്ങളിലും സംഭാവന നൽകാൻ കഴിയുന്ന തലമുറയാകും അതിലൂടെ സൃഷ്ടിക്കപ്പെടുക. അത്തരം പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇന്നിവിടെ ഒരുങ്ങിയ സിന്തറ്റിക് ട്രാക്ക് പോലെയുള്ള സൗകര്യങ്ങൾ. കേരളത്തിലെ 70 കോളേജുകളിൽ ഇത്തരത്തിൽ കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി വരികയാണ്.
കായിക രംഗത്തേക്ക് വിദ്യാർഥികളെയും യുവജനങ്ങളെയെയും ആകർഷിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാനുള്ള പദ്ധതി ഒരുക്കിയത് അതിന്റെ ഭാഗമാണ്. 10 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി 1000 കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിച്ചത്. കായിക ഡയറക്ടറേറ്റിന്റെയും സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ മൂന്ന് ഫുട്ബോൾ അക്കാദമികൾ ആരംഭിക്കാൻ കഴിഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കളിക്കളം എന്ന പദ്ധതിയും നടപ്പാക്കി വരുന്നു. ഇത്തരത്തിൽ സംസ്ഥാനത്തിൽ പുതുതായി ഒരു കായിക നയം രൂപം നൽകിക്കഴിഞ്ഞു. കായിക രംഗത്ത് സമഗ്രമായ ഒരു മുന്നേറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായി ഗവ. ബ്രണ്ണൻ കോളേജിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചത്. ബ്രണ്ണൻ കോളേജിൽ നിന്നും പാട്ടത്തിന് ലഭിച്ച 7.35 ഏക്കർ ഭൂമിയിൽ 9.09 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ട്രാക്ക് നിർമ്മിച്ചത്. എട്ട് വരി പാതയാണ് ട്രാക്കിൽ ഹൈജമ്പ്, ലോങ്ങ് ജമ്പ്, ഡിസ്കസ് ത്രോ, ഷോട്ട് പുട്ട്, ജാവലിൻ ത്രോ എന്നിവയുടെ പരിശീലനത്തിനും ഫുട്ബോൾ പരിശീലനത്തിനും സാധിക്കുന്ന തരത്തിലാണ് ട്രാക്ക് നിർമ്മിച്ചിട്ടുള്ളത്.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി. 
ഡോ. വി ശിവദാസൻ എം പി, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ഗോപിനാഥ് രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, ധർമ്മടം ഗ്രാമപഞ്ചായത്ത് അംഗം ദിവ്യ ചെള്ളത്ത്, തലശ്ശേരി സബ്കലക്ടർ സന്ദീപ്കുമാർ, സായി എൽ എൻ സി പി ഇ പ്രിൻസിപ്പലും മേഖലാ മേധാവിയുമായ ഡോ. ജി കിഷോർ,  ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ, ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. സി ബാബുരാജ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ പി പി രജത് എന്നിവർ സംസാരിച്ചു.

date