Skip to main content
തലശ്ശേരി ബ്രണ്ണൻ കോളേജ് അക്കാദമിക് ബ്ലോക്കും ലേഡീസ് ഹോസ്റ്റലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കേരളം ശ്രമിക്കുന്നത് ദേശീയ കരിക്കുലം പരിഷ്കരണത്തിന് ബദൽ മുന്നോട്ടുവെക്കാൻ: മുഖ്യമന്ത്രി

 

ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്ന കരിക്കുലം പരിഷ്കരണത്തിന് ബദലായി ഒരു മാതൃക മുന്നോട്ട് വെക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് 
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ലേഡീസ് ഹോസ്റ്റൽ, അക്കാദമിക് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഹബ് ആക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിലേക്കുള്ള ഏറ്റവും പ്രധാന ചുവടുവെപ്പാണ് കരിക്കുലം പരിഷ്കരണം.  നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. സാങ്കേതികമായി മൂന്നുവർഷ പ്രോഗ്രാം നാല് വർഷമാക്കുന്നതിനപ്പുറം ഘടനയിലും ഉള്ളടക്കത്തിലും പൊളിച്ചെഴുത്താണ് ലക്ഷ്യമിടുന്നത്. ജ്ഞാന വിതരണം കൊണ്ട് മാത്രം ഇത് വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി സാധ്യമാകില്ല. അതിന്റെ അടിസ്ഥാനമായ വർത്തിക്കേണ്ടത് മാനവികത ബോധവും സഹജീവി സ്നേഹവുമൊക്കെയാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗ്രോസ് എന്റോൾമെന്റ് റേഷ്യോ 43 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും നീതി ആയോഗിന്റെയും അംഗീകാരങ്ങൾക്ക് പുറമേ  ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമതെത്തി. ഗവേഷകരംഗത്തിന് പ്രാമുഖ്യം നൽകികൊണ്ടുള്ള നിക്ഷേപങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തുന്നതിന് പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. ലൈഫ് സയൻസ്, കെമിക്കൽ സയൻസ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ പത്തോളം വൈജ്ഞാനിക മേഖലകളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകി തുടങ്ങിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയെയും വ്യവസായ മേഖലയും ബന്ധിപ്പിച്ചുകൊണ്ട് നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. പഠനത്തോടൊപ്പം വരുമാനം എന്ന ആശയത്തിലൂന്നി ക്യാമ്പസുകളെ ഉത്പാദന കേന്ദ്രങ്ങളാക്കി കൂടി മാറ്റുകയാണ്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം വരുമാനം കണ്ടെത്താനായി അസാപ്പിലൂടെ ഗവ. പോളിടെക്നിക് കോളേജുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയും നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്‌ബി ഫണ്ടിൽ നിന്ന് 21 കോടി ചെലവഴിച്ചാണ് നാല് നിലയുള്ള അക്കാദമിക് ബ്ലോക്ക്, 4600 ചതുരശ്ര മീറ്റർ  വിസ്തൃതിയിൽ 380 പേർക്ക് താമസിക്കാവുന്ന നാല് നിലയുള്ള ഗേൾസ് ഹോസ്റ്റൽ എന്നിവ യാഥാർഥ്യമാക്കിയത്. എൽ ആൻഡ് ടിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 75 ലക്ഷം രൂപ വിനിയോഗിച്ച് സ്മാർട്ട് ക്ലാസ്സ് റൂമുകളും നിർമ്മിച്ചു. ബ്രണ്ണൻ കോളജിനെ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്താൻ കഴിഞ്ഞ ബജറ്റിൽ  30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറ് പുതിയ കോഴ്സുകൾ അനുവദിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച ലൈബ്രറി കോംപ്ലക്സ്, 1.20 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സെമിനാർ ഹാൾ എല്ലാം ഈ ക്യാമ്പസിന് സ്വന്തമാണ്. ഗണിത ശാസ്ത്ര ബ്ലോക്കിനായി അഞ്ച് കോടി രൂപ, അവിടെ നൂതന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 2.10 കോടി രൂപ, മെൻസ് ഹോസ്റ്റൽ നവീകരണത്തിനായി ഒരു കോടി രൂപ, സ്മാർട്ട് ക്ലാസ്സ് റൂമുകൾ നിർമ്മാണത്തിന് രണ്ടു കോടി രൂപ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ക്യാമ്പസിൽ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. ഡോ. വി ശിവദാസൻ എം പി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത, ധർമ്മടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ കെ രവി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി സീമ, തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ, കോളേജ് യൂണിയൻ ചെയർമാൻ പി പി രജത്, കോളേജ് പ്രിൻസിപ്പൽ ഡോ. സി ബാബുരാജ്, എൽ ആൻഡ് ടി ബിസിനസ് ഹെഡ് സിറിയക് ജോർജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. മനോജ്‌ ചുമ്മാർ (കെ എസ് ഐ ടി ഐ എൽ) റിപ്പോർട്ട്‌ അവതരിപ്പിച്ചു.

date