Skip to main content
പിണറായി സെന്റർ ഫോർ കളരി ആന്റ് ആയുർവേദ ചികിത്സ കേന്ദ്രം കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിക്കുന്നു

കളരിയും യോഗയും സമന്വയിപ്പിച്ചാൽ  വലിയ മാറ്റമുണ്ടാകും: മുഖ്യമന്ത്രി

 

കളരിയും യോഗയും സമന്വയിപ്പിച്ച് മുന്നോട്ടു പോയാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ജില്ലാ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പിണറായി സെന്റർ ഫോർ കളരി ആന്റ് ആയുർവ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കളരിയിലെയും യോഗയിലെയും അഭ്യാസ രീതികൾ തമ്മിൽ വലിയ ബന്ധമുണ്ട്. രണ്ടിലെയും ചികിത്സ രീതികൾ ഒരുമിച്ച് കൊണ്ടുപോകാനായാൽ കൂടുതൽ മെച്ചമുണ്ടാകും. അത്തരം കാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണം. താൽപ്പര്യമുണ്ടെങ്കിലും തിരക്ക് കാരണം പലരും കളരി ചികിത്സയിൽ നിന്ന് മാറി നിൽക്കുകയാണ്.  ലോകത്തിലെ ആയോധന കലയുടെ മാതാവാണ് കളരി. കാരണം ഏറ്റവും പ്രയാസമേറിയ കുംഫു പോലും കളരിയിൽ നിന്ന് രൂപപ്പെട്ടതായാണ് പറയുന്നത്. പെൺകുട്ടികൾക്ക് ഉൾപ്പെടെ കളരിയുടെ വേഷം നേരത്തെ പ്രശ്നമായിരുന്നു. എന്നാൽ വസ്ത്ര രീതി മാറിയതോടെ ഉപ്പോൾ അത്തരം പ്രശ്നങ്ങളില്ലെന്നും യുവ തലമുറയെ ഇതിലേക്ക് ആകർഷിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയുർവ്വേദം ജീവിതത്തിന്റെ ഭാഗമാണ്. ജനനം മുതൽ അത് നമ്മോടൊപ്പമുണ്ട്. പഴയ തലമുറയുടെ നാട്ടറിവുകൾ അന്ന് ഏറെ ഗുണം ചെയ്തിരുന്നു. എന്നാൽ ഇന്ന് അത്തരം അറിവുകൾ കുറവാണ്. അതിനാൽ നാട്ടറിവുകൾ വളർത്താൻ ശ്രമം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഴയ കെട്ടിടം നശിച്ചതോടെയാണ് പിണറായിയിൽ ആയുർവ്വേദ കേന്ദ്രത്തിനായി പുതിയ കെട്ടിടം ഒരുക്കിയത്. ചികിത്സക്കായി നാല് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. രണ്ട് പേർക്ക് ഒരേ സമയം താമസിച്ച് ചികിത്സ നേടാം. കളരിയിൽ മധു ഗുരുക്കളുടെ നേതൃത്വത്തിൽ 75 പേർ പരിശീലനം നേടുന്നുണ്ട്.
ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ, വാർഡ് അംഗം പി പ്രമീള, സ്വാഗത സംഘം ചെയർമാൻ കക്കോത്ത് രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date