Skip to main content

പാറപ്രം റെഗുലേറ്റർ:  ഇനി ഉപ്പുവെള്ളം കയറില്ല, ആശ്വസിച്ച് കർഷകർ

 

പാറപ്രത്ത് പുതിയ റഗുലേറ്റർ യാഥാർഥ്യമായതോടെ കൃഷി ഭൂമിയിൽ ഉപ്പുവെള്ളം കയറില്ലെന്ന ആശ്വാസത്തിലാണ് കർഷകർ. ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമായതിനൊപ്പം പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, പെരളശ്ശേരി വില്ലേജുകളിലെ 1200 ഏക്കർ കൃഷി ഭൂമിയിൽ ഉപ്പുവെള്ളം കയറുന്നതിനുമാണ് ഇതോടെ പരിഹാരമായത്. 55.42 കോടി രൂപക്ക് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണം നടത്തിയത്. 
പഴയ റെഗുലേറ്റർ കാലപ്പഴക്കത്താൽ നശിച്ചതോടെ കൃഷിയിടത്തിലേക്ക് ഉപ്പുവെള്ളം കയറുന്നത് പതിവായിരുന്നു. ഇതോടെയാണ് പുതിയത് നിർമ്മിച്ചത്. 99.60 മീറ്റർ ആണ് റഗുലേറ്ററിന്റെ നീളം. ഇതിന് 12 മീറ്റർ നീളവും മൂന്ന് മീറ്റർ ഉയരവുമുള്ള ആറ് വെർട്ടിക്കൽ ഷട്ടറുകൾ, രണ്ട് ജോടി ഡയമണ്ട് ആകൃതിയിലുള്ള ലോക്ക് ഗേറ്റുകൾ, 92.8 മീറ്റർ നീളമുള്ള നാവിഗേഷൻ ലോക്ക്, 1.5 മീറ്റർ വീതിയുള്ള നടപ്പാലം എന്നിവയുമുണ്ട്. ഷട്ടറുകൾ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതിനാൽ  പ്രളയമുണ്ടായാൽ ഷട്ടറുകൾ വേഗത്തിൽ തുറക്കാൻ സാധിക്കുമെന്നത് പദ്ധതിയുടെ സവിശേഷതയാണ്. ഇരുകരകളിലുമായി 1200 മീറ്റർ നീളത്തിൽ കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച്  സംരക്ഷണ ഭിത്തി ഒരുക്കിയതിനാൽ അരികുകൾ ഇടിയുന്നത് ഒഴിവാകും.  പ്രവർത്തനത്തിന് ആവശ്യമായ ജനറേറ്ററും ജനറേറ്റർ റൂമും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. റഗുലേറ്ററിന്റെ ഇരുകരകളിലും ഇന്റർലോക്ക് പാകിയും സന്ദർശകർക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ സ്ഥാപിച്ചും ചെടികൾ നട്ടും 108 ഓളം പാർക്ക് ലൈറ്റുകൾ ഒരുക്കിയും സൗന്ദര്യവൽക്കരണ പ്രവൃത്തി നടത്തിയിട്ടുണ്ട്.  നാവിഗേഷൻ ലോക്കുള്ളതിനാൽ ചെറു യാനങ്ങൾക്ക് ഇതുവഴി കടന്നു പോകാനും സാധിക്കും

date