Skip to main content
കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ മട്ടന്നൂർ നിയോജക മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്ര കോൺഗ്രസ് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്ത്രത്തിന്റെ രീതി സ്വായത്തമാക്കുക: മന്ത്രി എം ബി രാജേഷ് 

 

ശാസ്ത്രത്തിൻ്റെ രീതി സ്വായത്തമാക്കുകയെന്നതാണ് ഒരു നല്ല തലമുറയായി വളരുന്നതിനുള്ള വഴിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 
കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ മട്ടന്നൂർ നിയോജക മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമഗ്രമായ കാഴ്ചപ്പാടോടെ വിദ്യാഭ്യാസ പ്രക്രിയയെ കണ്ടുകൊണ്ട് മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പുതിയ കാര്യങ്ങളോട് തുറന്ന സമീപനം കാണിക്കുകയെന്നത് ശാസ്ത്രീയമായ രീതിയാണ്.  മുൻവിധികളില്ലാത്തതും, പക്ഷപാതങ്ങളില്ലാത്തതും, ജാതിയുടെയോ, മതത്തിൻ്റെയോ ദേശത്തിൻ്റെയോ യാതൊരു അതിർത്തികളുമില്ലാത്തതും എല്ലാത്തിനെയും ഉൾക്കൊള്ളുന്നതുമാണ് ശാസ്ത്രത്തിൻ്റെ രീതി. ശാസ്ത്രം എന്തിനെയും മനസിലാക്കുന്നത് വസ്തുതകളുടെയും തെളിവിൻ്റെയും അടിസ്ഥാനത്തിലാണ്.   വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ശാസ്ത്രം. ശാസ്ത്രം സത്യാന്വേഷണമാണ്. നിരന്തരമായ സത്യാന്വേഷണത്തെക്കാൾ മനസ് നന്നാവാൻ വേറെ മാർഗ്ഗമില്ലെന്നും മന്ത്രി പറഞ്ഞു.
കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. പ്രൊജക്ട് സംഗ്രഹം കെ എസ് സി എസ് ടി ഇ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ.പി ഹരിനാരായണൻ പ്രകാശനം ചെയ്തു. ഡോ. എ പി കുട്ടിക്കൃഷ്ണൻ പദ്ധതി വിശദീകരിച്ചു.  മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി സി ഗംഗാധരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ, നിർമലഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ടി കെ സെബാസ്റ്റ്യൻ, കണ്ണൂർ ഡി ഡി ഇ എ.പി അംബിക എന്നിവർ സംസാരിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വിവിധ രാഷ്ട്രീയ-അധ്യാപക സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു.

date