Skip to main content
നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുന്നു  --

നവകേരളസദസിന്റെ ലക്ഷ്യം ജനക്ഷേമപരമായ ഭരണവുമായി മുന്നോട്ട്: അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ

ജനക്ഷേമപരമായി ഭരണം മുന്നോട്ട് കൊണ്ടുപോകുകയാണ് സംസ്ഥാനസര്‍ക്കാര്‍ നവകേരളസദസിലൂടെ ലക്ഷ്യമിടുന്നതെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. നവകേരളസദസ് പുതിയ ചരിത്രമാകും. ജനങ്ങളുടെ വിവിധ പരാതികള്‍ നേരിട്ട് കേള്‍ക്കുകയും പരിഹാരം കാണുകയുമാണ് നവകേരള സദസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന നവകേരള സദസ് ഡിസംബര്‍ 17നാണ് കോന്നിയില്‍ സംഘടിപ്പിക്കുന്നത്.
ഏഴുവര്‍ഷം കൊണ്ട് വികസനരംഗത്ത് മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇച്ഛാശക്തിയോടെ ഏറ്റെടുത്ത ഓരോ വികസനപ്രവര്‍ത്തനവും പ്രാവര്‍ത്തികമാക്കി. ഓരോ മന്ത്രിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച താലൂക്കുതല അദാലത്തുകളിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ പരാതികളാണ് പരിഹരിച്ചതെന്നും മുഖ്യമന്ത്രി കോന്നിയിലേക്കെത്തുന്ന നിമിഷത്തെ ചരിത്രനിമിഷമാക്കി മാറ്റണമെന്നും എംഎല്‍എ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാജോര്‍ജ്,  ജില്ലാകളക്ടര്‍ എ. ഷിബു,  കെ. പി ഉദയഭാനു, പി.ആര്‍ ഗോപിനാഥന്‍, പി.ജെ അജുകുമാര്‍ എന്നിവരെ നവകേരളസദസ് സംഘാടകസമിതി രക്ഷാധികാരികളായും, ജനറല്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെയു ജനീഷ് കുമാര്‍ എംഎല്‍എയും കണ്‍വീനറായി പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോളെയും തിരഞ്ഞെടുത്തു. ഫിനാന്‍സ്, പബ്ലിക് മാനേജ്മെന്റ്, ഹെല്‍ത്ത്, സ്റ്റേജ് , കള്‍ച്ചറല്‍ , വെഹിക്കിള്‍ ആന്‍ഡ് ട്രാഫിക് മാനേജ്മെന്റ്, ഫുഡ് , എമര്‍ജന്‍സി, ലൈറ്റ് ആന്‍ഡ് സൗണ്ട് , വാളണ്ടിയര്‍, ഇന്‍വിറ്റേഷന്‍, തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു.
പഞ്ചായത്തുതലത്തില്‍ സംഘാടകസമിതികള്‍ ചേരണമെന്നും എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ജില്ലാകളക്ടര്‍ എ. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസീധരന്‍പിള്ള, കെ.എസ് ഗോപി, ഡെപ്യുട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, കെ.പി ഉദയഭാനു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date