നവകേരള സദസ്സ്: ചേര്‍ത്തലയില്‍ പ്രചരണ പരിപാടികള്‍ 28 മുതല്‍
ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗം ചേര്‍ന്നു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറും ജനറല്‍ കണ്‍വീനറുമായ ആശാ സി. എബ്രഹാം അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നവകേരള സദസ്സിന്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ 11 വരെ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ 28-ന് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ.് വിദ്യാര്‍ത്ഥികള്‍ക്കായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. 30-നു സര്‍ക്കാരിന്റെ വികസന പദ്ധതികളെ ആസ്പദമാക്കി വിവിധയിടങ്ങളില്‍ ചാക്യാര്‍കൂത്ത് അവതരിപ്പിക്കും. ഡിസംബര്‍ രണ്ടിന് സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ ചിത്രരചന മത്സരവും നാല്, അഞ്ച് തീയതികളിലായി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള 10 സ്‌കൂളുകളില്‍ 'കേരളത്തിന്റെ വികസന സാധ്യതകള്‍ കുട്ടികളുടെ വീക്ഷണത്തില്‍' എന്ന പരിപാടിയും സംഘടിപ്പിക്കും. ഡിസംബര്‍ എട്ടു മുതല്‍ 11 വരെ എല്ലാ പഞ്ചായത്തുകളിലും വിളംബരജാഥകളും നടത്തും. ചേര്‍ത്തല തെക്ക്, തണ്ണീര്‍മുക്കം, കടക്കരപ്പള്ളി, വയലാര്‍, പട്ടണക്കാട് പഞ്ചായത്തുകളില്‍ ബൈക്ക് റാലി സംഘടിപ്പിക്കും. ഡിസംബര്‍ 14-ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ സെന്റ് മൈക്കിള്‍സ് കോളേജ് വേദിയില്‍ മാര്‍ഗംകളി, തിരുവാതിര കളി എന്നിവയും നടത്തും. ഡിസംബര്‍ 14-ന് വൈകിട്ട് ആറിന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ടിലാണ് ചേര്‍ത്തല മണ്ഡലതല നവകേരള സദസ്സ്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments