Skip to main content
അയ്മനം വലിയമടക്കുളം ടൂറിസം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍  സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തുന്നു.

അയ്മനം വലിയമടക്കുളം ടൂറിസം പദ്ധതി ഉദ്ഘാടത്തിനൊരുങ്ങുന്നു

 

 

കോട്ടയം: വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകശ്രദ്ധ നേടിയ കോട്ടയം അയ്മനം ഗ്രാമപഞ്ചായത്തിലെ വലിയമടക്കുളം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു.  പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ വിലയിരുത്തി. ജല വിനോദസഞ്ചാര മേഖലയിലെ ഗ്രാമീണ സാധ്യതകള്‍ പ്രയോജനപ്പെടുത്തും വിധമാണ് പദ്ധതി വിഭാവനം ചെയ്തത്.  ടൂറിസം വകുപ്പിന്റെ അഞ്ച് കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 'വലിയമട വാട്ടര്‍ ഫ്രണ്ടേജ്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതിനായി അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥിതി ചെയ്യുന്ന 5.5 ഏക്കര്‍ വിസ്തൃതിയുള്ള വലിയമടക്കുളം നവീകരിച്ചു. 

കളര്‍മ്യൂസിക്ക് വാട്ടര്‍ഫൗണ്ടന്‍, ഫ്‌ളോട്ടിങ്ങ് റെസ്റ്റൊറന്റ്, ഫ്ളോട്ടിങ്ങ് വാക്‌വേ, കുളത്തിലൂടെ രണ്ടു മുതല്‍ നാലുപേര്‍ക്ക് വരെ ബോട്ടിംഗ് സാധ്യമാക്കുന്ന പെഡല്‍ ബോട്ടിംഗ് സംവിധാനം, വിശ്രമമുറികള്‍, പത്തോളം ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിയിടം, സൈക്ലിങ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. മഴക്കാലമായാല്‍ പോലും വിനോദസഞ്ചാരത്തിന് തടസ്സമാകാത്ത വിധമാണ് പദ്ധതിയുടെ രൂപീകരണം. ഇതിനായി കുളത്തിലെ ജലനിരപ്പ് കൃത്യമായ അളവില്‍ ക്രമീകരിച്ച് നിര്‍ത്താന്‍ സാധിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴപെയ്ത് കുളത്തില്‍ വെള്ളം നിറഞ്ഞാല്‍ അധികമായി വരുന്ന ജലം സമീപത്തെ തോടിലൂടെ ഒഴുക്കി വിടാനും അതിലൂടെ കുളത്തിലെ ജലത്തിന്റെ അളവ് പദ്ധതിക്ക് അനുസൃതമാകും വിധം ക്രമീകരിച്ചു നിര്‍ത്താനും ഇതിലൂടെ സാധിക്കും. പ്രാദേശിക വിനോദസഞ്ചാരികളേയും വിദേശ വിനോദ സഞ്ചാരികളേയും ഒരുപോലെ ആകര്‍ഷിക്കുന്ന വിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അയ്മനം എന്ന പേര് ഒരിക്കല്‍ കൂടി ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

 

 

 

date