Skip to main content
മന്ത്രി സജി ചെറിയാന്റെ ഇടപെടൽ; പമ്പയാറ്റിൽ മുങ്ങി മരിച്ച ഭക്തരുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും

മന്ത്രി സജി ചെറിയാന്റെ ഇടപെടൽ; പമ്പയാറ്റിൽ മുങ്ങി മരിച്ച ഭക്തരുടെ മൃതദേഹം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും

ആലപ്പുഴ : പമ്പയാറ്റിൽ കഴിഞ്ഞദിവസം മരിച്ച ചെന്നൈ സ്വദേശികളായ രണ്ടുപേരുടെ മൃതദേഹം മന്ത്രി സജി ചെറിയാന്റെ പ്രത്യേക ഇടപെടലിൽ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും.
അയ്യപ്പ ദർശനത്തിനുശേഷം മടങ്ങിയ ചെന്നൈ ത്യാഗരായ നഗർ സ്വദേശികളായ എട്ടംഗ ഭക്തരുടെ സംഘം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള പാറക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയ മന്ത്രി സജി ചെറിയാൻ  ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കും അതിനുശേഷം മൃതദേഹങ്ങൾ മൊബൈൽ മോർച്ചറി സംവിധാനമുള്ള ആംബുലൻസിൽ സർക്കാർ ചിലവിൽ നാട്ടിലെത്തിക്കുന്നതിനും നിർദ്ദേശം നൽകി. സംഘത്തിലെ മറ്റുള്ളവരെ മന്ത്രി ആശ്വസിപ്പിച്ചു. അത്യാവശ്യ ചെലവുകൾക്കായി 25000 രൂപയും ബന്ധുക്കളെ ഏൽപ്പിച്ചാണ് മന്ത്രി മടങ്ങിയത്. ചെങ്ങന്നൂർ ആർ.ഡി.ഒ, തഹസിൽദാർ, പോലീസ്, നഗരസഭാ സെക്രട്ടറി , കൗൺസിലർ വി.എസ് സവിത എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പമ്പയാറ്റിൽ ഇറങ്ങുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം-മന്ത്രി 
ആലപ്പുഴ :പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങുന്ന അയ്യപ്പഭക്തന്മാർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ആവശ്യമായ ജാഗ്രതാ നിർദേശബോർഡുകളും ഇരുമ്പുവേലിയുമുൾപ്പെടെ മഹാദേവക്ഷേത്രത്തിനടുത്തുള്ള കടവിൽ ഉണ്ടെങ്കിലും പലപ്പോഴും ഇവയൊക്കെ അവഗണിക്കപ്പെടുന്ന സ്ഥിതിയുണ്ടാകാറുണ്ട്. ഇത്തരത്തിൽ സുരക്ഷയൊരുക്കിയ കടവിന്റെ ഭാഗങ്ങളിൽ അല്ലാതെ മറ്റുള്ള സ്ഥലങ്ങളിൽ കുളിക്കാനിറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തും.  തിരിച്ചറിയാൻ പറ്റാത്ത അടിയൊഴുക്കും ചുഴികളുമൊക്കെ പമ്പയിൽ ഉണ്ടാകാറുണ്ട്. ഇക്കാര്യം മനസിലാക്കി സുരക്ഷിതമായ രീതിയിൽ വേണം അയ്യപ്പഭക്തർ കുളിക്കാനായി കടവിലിറങ്ങാനെന്നും മന്ത്രി പറഞ്ഞു.

date