Skip to main content
പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം ഫാം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ആറളത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ മികച്ചത്: അഡ്വ. പി. സതീദേവി

ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് ശിപാര്‍ശ നല്‍കും

ആറളം പട്ടികവര്‍ഗ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് മികച്ച ഇടപെടലാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം ഫാം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
ആറളത്ത് 3600 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി വീതം നല്‍കിയിട്ടുണ്ട്. കുരുമുളക്, തെങ്ങ്, കവുങ്ങ്, പച്ചക്കറി തുടങ്ങി വിവിധ കാര്‍ഷിക വിളകള്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പ്രത്യേകമായ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് ആറളം മേഖലയെ എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണം നടത്തണം.
ആറളം മേഖലയിലെ വര്‍ധിച്ച മദ്യപാനവും പുകയില ഉപയോഗവും കണക്കിലെടുത്ത് ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കും. ഇവിടെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ള വീടുകള്‍ മികച്ചവയാണ്. വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ആശങ്കപ്പെടുത്തുന്നുണ്ട്. അംഗന്‍വാടിയിലെ മിടുക്കരായ കുരുന്നുകള്‍ വലിയ പ്രതീക്ഷയാണ് മുന്നോട്ടു വയ്ക്കുന്നത്. ആറളം ഫാമിലെ അംഗന്‍വാടി മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ കുട്ടികളിലാരും ആനാരോഗ്യമുള്ളവരായി ഇല്ല.

മതിയായ വിദ്യാഭ്യാസം ഉറപ്പാക്കി ആറളം മേഖലയിലെ കുട്ടികളെ ഉന്നതമായ നിലവാരത്തിലേക്ക് എത്തിക്കാന്‍ സാധിക്കണം. ഗതാഗതം, വഴിവിളക്കുകളുടെ അപര്യാപ്തത എന്നിവ പ്രത്യക്ഷത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി കമ്മിഷനു ബോധ്യമായെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

വനിതാ കമ്മിഷന്‍ മെമ്പര്‍മാരായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വാര്‍ഡ് അംഗം മിനി ദിനേശന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു

date